ന്യൂഡൽഹി : 2023 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യൻ റെയിൽവേയിൽ ഏകദേശം 2.74 ലക്ഷം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. സുരക്ഷാവിഭാഗത്തിൽ മാത്രം 1.7 ലക്ഷം ഒഴിവുകളുള്ളതായി വിവരാവകാശ രേഖയ്‌ക്കുള്ള മറുപടിയിലാണ് വ്യക്തമാക്കിയിട്ടുള്ളത്. മധ്യപ്രദേശിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ ചന്ദ്ര ശേഖർ ഗൗർ സമർപ്പിച്ച ചോദ്യങ്ങൾക്കാണ് മറുപടി.
ലെവൽ ഒന്നിൽ ഉൾപ്പടെ ഗ്രൂപ്പ് സിയിൽ 2,74,580 തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നതായി റെയിൽവേ അറിയിച്ചു. സുരക്ഷാവിഭാഗത്തിലെ 1,77,924 ഒഴിവുകളും ഇതിൽ ഉൾപ്പെടുന്നു. റെയിൽവേയിൽ 3.12 ലക്ഷം നോൺ - ഗസറ്റഡ് തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നതായി 2022 ഡിസംബറിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പാർലമെന്‍റിനെ അറിയിച്ചിരുന്നു.
ട്രെയിൻ അപകടങ്ങൾ തുടർക്കഥയാകുന്നു : അടുത്തിടെ ഉത്തരേന്ത്യയില്‍ നിരവധി ട്രെയിൻ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. റെയിൽവേയുടെ അനാസ്ഥമൂലമാണിതെന്ന് അപകടങ്ങളെ ഉദ്ധരിച്ച് ആരോപണങ്ങളും ഉയർന്നിരുന്നു.
also read :'പിന്നിൽ ഗൂഢ ശക്‌തികൾ'; ട്രെയിനുകൾക്ക് അടിയന്തര സുരക്ഷ ഒരുക്കണമെന്ന് റെയിൽവേ പാസഞ്ചേർസ് ഫോറം
രാജ്യത്തെ നടുക്കി ബാലസോർ ട്രെയിൻ അപകടം : ജൂൺ രണ്ടിനാണ് ഒഡിഷ നഗരത്തെ കണ്ണീരിലാഴ്‌ത്തിയ ബാലസോർ ട്രെയിൻ അപകടം നടന്നത്. മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 275 ഓളം പേർക്കാണ് ജീവൻ നഷ്‌ടപ്പെട്ടത്. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്തുവച്ച് ബെംഗളൂരു - ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിൻ ഗുഡ്‌സ് ട്രെയിനിലിടിച്ച് പാളം തെറ്റുകയായിരുന്നു.