കേരളം

kerala

ETV Bharat / bharat

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ലാഭവിഹിതം 800 കോടി റൂബിള്‍ ; രാജ്യത്തെത്തിക്കാനാകാതെ പൊതുമേഖല എണ്ണക്കമ്പനികള്‍

റഷ്യന്‍ എണ്ണപ്പാടങ്ങളിലെ നിക്ഷേപത്തില്‍ നിന്നുള്ള ലാഭ വിഹിത ഇനത്തില്‍ ലഭിച്ച 800കോടി റൂബിളാണ് ഇന്ത്യന്‍ പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് അയക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുന്നത്

Indian oil companies asset in Russian oilfield  indian purchase of Russian oil  Indian oil investment in Russia  how sanction Russia impacts India  റഷ്യയിലെ എണ്ണപ്പാടങ്ങളിലെ ഇന്ത്യന്‍ നിക്ഷേപം  റഷ്യയിലെ എണ്ണപ്പാടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ എണ്ണ കമ്പനികളുടെ ലാഭം  റഷ്യയ്ക്കെതിരായ ഉപരോധം എങ്ങനെ ഇന്ത്യയെ ബാധിക്കും  റഷ്യ ഇന്ത്യ എണ്ണ വ്യാപാരം
ഡിസ്‌കൗണ്ട് വിലയില്‍ റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണപ്പാടങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ..ലാഭം എങ്ങനെ അയക്കുമെന്നത് പ്രശ്‌നം

By

Published : May 28, 2022, 8:53 PM IST

ന്യൂഡല്‍ഹി :റഷ്യന്‍ എണ്ണപ്പാടങ്ങളിലെ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം കാരണം ഡിവിഡന്‍റ് ഇനത്തില്‍ ലഭിച്ച 800 കോടി റൂബിളാണ്(125.49 ദശലക്ഷം യുഎസ് ഡോളര്‍) കെട്ടിക്കിടക്കുന്നത്. ഓയില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ എന്നിവയടങ്ങിയ കണ്‍സോര്‍ഷ്യത്തിന് റഷ്യയിലെ സൈബീരിയയിലെ രണ്ട് എണ്ണപ്പാടങ്ങളിലുള്ള നിക്ഷേപത്തില്‍ നിന്നുള്ള ലാഭവിഹിതമാണ് ഈ 800 കോടി റൂബിള്‍.

സൈബീരിയയിലെ വന്‍കോര്‍നെഫ്‌റ്റ് എണ്ണപ്പാടത്ത് 23.9ശതമാനം ഓഹരിയും ടാസ്‌യുരിയാക്ക് എണ്ണപ്പാടത്ത് 29.9 ശതമാനം ഓഹരിയുമാണ് പൊതുമേഖല എണ്ണ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിനുള്ളത്. ടാസ്‌യുരിയാക്ക് എണ്ണപ്പാടത്ത് നിന്നുള്ള ഡിവിഡന്‍റ് കാല്‍ വര്‍ഷം കൂടുമ്പോഴും വന്‍കോര്‍നെഫ്‌റ്റ് എണ്ണപ്പാടത്തുനിന്നുള്ള വിഹിതം അരവര്‍ഷം കൂടുമ്പോഴുമാണ് ലഭിക്കുന്നത്. സ്വിഫ്റ്റില്‍ നിന്നുള്ള ക്ലിയറന്‍സ് ലഭിക്കാത്തത് കൊണ്ട് ഡിവിഡന്‍റ് റഷ്യന്‍ ബാങ്കില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പറ്റുന്നില്ലെന്ന് ഓയില്‍ ഇന്ത്യയുടെ ഫിനാന്‍സ് വിഭാഗം മേധാവി ഹരീഷ് മാധവ് പറഞ്ഞു.

രാജ്യാന്തര തലത്തില്‍ ബാങ്കുകള്‍ തമ്മില്‍ ഇടപാടുകള്‍ നടത്തുന്നതിനുള്ള സംവിധാനമാണ് സ്വിഫ്‌റ്റ്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് അധിപത്യമുള്ള സ്വിഫ്റ്റില്‍ റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഫെബ്രുവരി 24ന് റഷ്യന്‍ സേന യുക്രൈനില്‍ അധിനിവേശം നടത്തിയതിന് ശേഷം അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്ക് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

കൂടുതല്‍ എണ്ണപ്പാടങ്ങളില്‍ നിക്ഷേപം നടത്താനൊരുങ്ങി ഇന്ത്യ :എന്നാല്‍ റഷ്യയെ നേരിട്ട് വിമര്‍ശിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്‌തു. റഷ്യയില്‍ നിന്ന് അന്താരാഷ്ട്ര വിപണിയിലുള്ളതിനേക്കാള്‍ കുറഞ്ഞവിലയ്‌ക്ക് എണ്ണ ലഭിക്കുമെന്നതായിരുന്നു ഇതിന് കാരണം.

മാര്‍ച്ചില്‍ അവസാനിക്കുന്ന വര്‍ഷ പാദത്തിലെ എണ്ണ കമ്പനികളുടെ അറ്റാദായം 92.32 ശതമാനം വര്‍ധിച്ച് 1630 കോടിയിലേക്ക് ഉയര്‍ന്നിരുന്നു. പെട്രോളിയം ഉത്പന്നങ്ങള്‍ക്കുണ്ടായ വില വര്‍ധനവാണ് ഇതിന് കാരണം. റഷ്യയിലെ എണ്ണപ്പാടങ്ങളിലെ നിക്ഷേപത്തില്‍ നിന്ന് പാശ്ചാത്യ കമ്പനികള്‍ പിന്‍മാറുമ്പോള്‍ അവ ഇന്ത്യന്‍ പൊതുമേഖല എണ്ണ കമ്പനികളുടെ കണ്‍സോര്‍ഷ്യം വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് ഓയില്‍ ഇന്ത്യ ചെയര്‍മാന്‍ എസ് സി മിശ്ര പറഞ്ഞു.

പാശ്ചാത്യ കമ്പനികള്‍ റഷ്യയിലെ ഓയില്‍ അസറ്റുകള്‍ കൈയൊഴിയുമ്പോള്‍ അത് കുറഞ്ഞ വിലയ്‌ക്ക് വാങ്ങാന്‍ സാധിക്കുമെന്നാണ് ഉന്ത്യന്‍ പൊതുമേഖല എണ്ണ കമ്പനികളെ സംബന്ധിച്ചുള്ള നേട്ടം. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എണ്ണ പ്രകൃതി വാതക കമ്പനിയായ ഷെല്ലിന്‍റെ റഷ്യയിലെ എല്‍എന്‍ജി(Liquefied natural gas)പ്ലാന്‍റ് വാങ്ങാനുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ പൊതുമേഖല എണ്ണ കമ്പനികള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രമുഖ പാശ്ചാത്യ എണ്ണ കമ്പനികളായ എക്‌സോണ്‍ മൊബൈലും ബിപിയും, റഷ്യയില്‍ നിന്ന് ഒഴിവാക്കുന്ന എണ്ണപ്പാടങ്ങള്‍,വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമം നടത്തുന്നുണ്ട്.

ABOUT THE AUTHOR

...view details