ന്യൂഡൽഹി:യുഎസ്- കാനഡ അതിർത്തിയിൽ പിഞ്ചുകുഞ്ഞ് അടക്കം നാല് ഇന്ത്യക്കാർ തണുത്ത് മരിച്ച സംഭവത്തിൽ വിവരങ്ങൾ അറിയാൻ ഇന്ത്യൻ ദൗത്യസംഘം കനേഡിയൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. മരണമടഞ്ഞവരുടെ പോസ്റ്റുമോർട്ടം ജനുവരി 24ന് നടത്തും.
കാനഡയിൽ നിന്നും അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘമാകാം ഗുജറാത്തിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന കുടുംബത്തെ ഇവിടെ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
കാനഡയിൽ നിന്നും അമേരിക്കയിലേക്ക് അനധികൃതമായി മനുഷ്യക്കടത്ത് നടത്തിയെന്നാരോപിച്ച് യുഎസ് അധികൃതർ ജനുവരി 19ന് മതിയായ രേഖകളില്ലാത്ത ഏഴ് പേരെയും യുഎസ് പൗരനായ സ്റ്റീവ് ഷാൻഡ് എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കനേഡിയൻ അധികൃതർ നടത്തിയ തെരച്ചിലിലാണ് മാനിറ്റോബ പ്രവിശ്യയിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പിഞ്ചുകുഞ്ഞിനെ കൂടാതെ ഒരു പുരുഷൻ, ഒരു സ്ത്രീ, ഒരു കൗമാരക്കാരൻ എന്നിവരാണ് മരിച്ചത്. മൈനസ് 35 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ താപനില. അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 12 മീറ്റര്‍ മാത്രം അകലെയായിരുന്നു മൃതദേഹങ്ങള്‍.
Also Read: ഹാജരാക്കിയ തെളിവുകൾ അസ്വസ്ഥതയുണ്ടാക്കുന്നത്, ദിലീപിന് ഇനി ചോദ്യ ദിനങ്ങൾ: ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി