ന്യൂഡല്‍ഹി : ചൈന, പാകിസ്ഥാൻ ബോർഡറുകളിൽ ഒരേസമയം നിരീക്ഷണം നടത്താൻ കഴിയുന്ന ഇസ്രായേൽ നിർമിത പുതിയ ഹെറോൺ മാർക്ക് 2 ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ വ്യോമസേന. അത്യാധുനിക സാങ്കേതികവിദ്യയില്‍ നിർമിച്ചിട്ടുള്ള ഡ്രോണുകൾക്ക് ആകാശത്ത് ദീർഘനേരം അചഞ്ചലമായി പ്രവർത്തിക്കാൻ കഴിയും. മികച്ച രീതിയിൽ നിരീക്ഷണം നടത്താനും ശത്രുക്കളുടെ നടപടികള്‍ ഒപ്പിയെടുക്കാനും കഴിയുന്ന ഈ ഡ്രോണുകൾ ദേശീയ സുരക്ഷയ്‌ക്ക് മുതൽക്കൂട്ടാണ്.
തുടർച്ചയായി 36 മണിക്കൂർ വരെ നിരീക്ഷിക്കാൻ കഴിയും എന്നതിന് പുറമെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വൈദഗ്‌ധ്യത്താൽ സായുധരായ ഡ്രോണുകൾക്ക് വളരെ ദൂരത്തുള്ള ശത്രുക്കളെ നിരീക്ഷിക്കാനും പോരാടാനും സാധിക്കും. ഇന്ത്യൻ വ്യോമസേനയുടെ ഇന്‍റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം എന്നീ മേഖലകളിൽ ഡ്രോൺ നിരീക്ഷണം ഉപയോഗപ്പെടുത്തുമെന്ന് ഇതുമായി ബന്ധപ്പെട്ട സ്‌ക്വാഡ്രണിന്‍റെ കമാൻഡിംഗ് ഓഫിസർ വിങ് കമാൻഡർ പങ്കജ് റാണ പറഞ്ഞു.
സ്‌ക്വാഡ്രൺ ലീഡർ അർപിത് ടണ്ഡനാണ് ഹെറോൺ മാർക്ക് 2 ഡ്രോണുകളെ നിയന്ത്രിക്കുകയും പറത്തുകയും ചെയ്യുക. ഹെറോൺ മാർക്ക് 2 ഡ്രോണുകൾ ഏത് കാലാവസ്ഥയിലും പ്രവർത്തനക്ഷമമായിരിക്കും. മൈനസ് ഡിഗ്രിയിൽ വരെ ഡ്രോൺ കാര്യക്ഷമമായി പ്രവർത്തിക്കുമെന്നാണ് കമാൻഡിംഗ് ഓഫിസർ വ്യക്തമാക്കിയത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ലിങ്കുകൾക്കും ആയുധവത്‌കരണത്തിനുമായി 70 ഓളം ഹെറോൺ ഡ്രോണുകൾ നവീകരിക്കുന്നതിനുള്ള 'ചീറ്റ'(Cheetah) പോലുള്ള പദ്ധതികളുമായി ഇന്ത്യൻ വ്യോമസേന മുന്നോട്ട് കുതിക്കുകയാണ്.