ന്യൂഡല്‍ഹി: റെക്കോര്‍ഡ് വാക്സിൻ വിതരണത്തിന് പിന്നാലെ ബുധനാഴ്‌ച വാക്സിന്‍ വിതരണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 54.24 ലക്ഷം വാക്സിൻ ഡോസുകള്‍ മാത്രമാണ് നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാക്സിനേഷൻ ഡ്രൈവ് പ്രകാരം ഇതുവരെ 29.46 കോടി കൊവിഡ് വാക്സിൻ ഡോസുകൾ നൽകി. പുതിയ വാക്സിൻ നയം പ്രാബല്യത്തില്‍ വന്ന തിങ്കളാഴ്ച രാജ്യത്ത് വിതരണം ചെയ്തത് 80 ലക്ഷത്തിലധികം കൊവിഡ് വാക്സിൻ ഡോസുകളാണ്. ലോകത്ത് ഒരു ദിവസത്തിനുള്ളില്‍ ഏറ്റവും ഉയർന്ന അളവില്‍ വാക്സിന്‍ വിതരണം ചെയ്ത രാജ്യമെന്ന നേട്ടം ഇതോടെ ഇന്ത്യ കൈവരിച്ചു.
ഇസ്രയേല്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ ജനസംഖ്യയുടെ ഇരട്ടിയാണിത്. കൊവിഡ് വാക്സിനേഷനിലെ ഈ നേട്ടം സന്തോഷം നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തിരുന്നു.
ALSO READ: രാജ്യത്ത് 50,848 പേർക്ക് കൂടി കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 50,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,28,709 ആയി ഉയർന്നു. വൈറസ് ബാധിച്ച് 1,358 പേർ കൂടി മരിച്ചതോടെ ആകെ മരണം 3,90,660 ആയി. രാജ്യത്ത് നിലവിൽ 6,43,194 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. രോഗമുക്തി നിരക്ക് 96.56 ഉം പോസിറ്റിവിറ്റി നിരക്ക് 2.67 ആണ്.