ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരസ്പര ധാരണയിലൂടെയാണ് സന്ദര്‍ശനം ഒഴിവാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
കൂടുതല്‍ വായനയ്‌ക്ക്:രണ്ടാം തരംഗത്തില്‍ ശ്വാസംമുട്ടല്‍ കൂടുതല്‍ ; ആദ്യത്തേതിനേക്കാള്‍ ഗുരുതരമല്ലെന്ന് ഐസിഎംആർ
ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്യാൻ വെര്‍ച്വല്‍ യോഗങ്ങള്‍ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് കേസുകൾ വർധിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രി ജോൺസൺ തന്‍റെ യാത്രയുടെ കാലാവധി കുറച്ചിരുന്നു. ഏപ്രിൽ 25 ന് ഇന്ത്യയിലെത്താനായിരുന്നു തീരുമാനിച്ചത്. ഇന്ത്യ - ബ്രിട്ടണ്‍ ബന്ധം കൂടുതല്‍ ശക്തമാക്കുകയെന്നതായിരുന്നു അജണ്ട.
വരുന്ന വര്‍ഷത്തേക്കുള്ള കരാറുകളില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഈ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകേണ്ടതായിരുന്നു. പ്രതിരോധം, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയുമായി പങ്കാളിത്തം സമാഹരിക്കുന്നതിനായിരുന്നു ബ്രിട്ടണ്‍ ലക്ഷ്യമിട്ടിരുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോയതിനുശേഷം ബോറിസ് ജോണ്‍സണ്‍ നടത്താനിരുന്ന പ്രധാന വിദേശ പര്യടനമായിരുന്നു ഇന്ത്യ സന്ദര്‍ശനം.