ന്യൂഡല്‍ഹി: യുക്രൈന് സഹായവുമായി ഇന്ത്യ. യുക്രൈനില്‍ കുടുങ്ങിയവര്‍ക്ക് മാനുഷിക സഹായം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു. യുക്രൈന്‍ അംബാസഡർ ആവശ്യപ്പെട്ടതനുസരിച്ച് യുക്രൈനിലേക്ക് മരുന്ന് അയക്കുമെന്നും ബാഗ്‌ചി വ്യക്തമാക്കി.
രക്ഷാദൗത്യം സുഗമമാക്കുന്നതിനായി യുക്രൈനുമായി അതിർത്തി പങ്കിടുന്ന നാല് രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ അയക്കുമെന്നും അരിന്ദ് ബാഗ്‌ചി പറഞ്ഞു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമേനിയയിലേയും കിരൺ റിജ്ജു സ്ലോവാക് റിപ്പബ്ലിക്കിലേയും ഹർദീപ് പുരി ഹംഗറിയിലേയും വി.കെ സിങ് പോളണ്ടിലേയും രക്ഷാദൗത്യം ഏറ്റെടുക്കും.
യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരോട് പശ്ചിമ യുക്രൈനിലേക്ക് പോകണമെന്നും അതിർത്തിയിൽ നേരിട്ട് എത്തരുതെന്നും ബാഗ്‌ചി അഭ്യർഥിച്ചു. 'സമീപ നഗരങ്ങളിലേക്ക് പോകുക, അവിടെ അഭയം തേടുക. ഞങ്ങൾ അവിടെ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്, ഞങ്ങളുടെ സംഘം നിങ്ങളെ സഹായിക്കും. പരിഭ്രാന്തരാകരുത്, മതിയായ വിമാനങ്ങളുണ്ട്,' ബാഗ്‌ചി പറഞ്ഞു.