മെല്‍ബൺ:ഇന്ത്യൻ ടെന്നിസ് സൂപ്പർ താരം സാനിയ മിർസ വിരമിക്കുന്നു. 2022ലെ സീസണിന് ശേഷം ടെന്നിസ് കോർട്ടിനോട് വിടപറയുമെന്നാണ് താരം വ്യക്തമാക്കിയത്. ഓസ്ട്രേലിയൻ ഓപ്പണില്‍ ഡബിൾസ് വിഭാഗത്തില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ശേഷമാണ് മുപ്പത്തഞ്ചുകാരിയായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
കുഞ്ഞിന് ജന്മം നല്കിയ ശേഷം 2019 മാർച്ചിലാണ് താരം വീണ്ടും കളിക്കളത്തിലെത്തിയത്. ' വിരമിക്കാൻ നിരവധി കാരണങ്ങളുണ്ട്. ഒരിക്കലും വളരെ സിംപിളായ കാര്യമല്ല, കളിക്കളത്തോട് വിടപറയുന്നത്. മകന് മൂന്ന് വയസായി. അവനുമായി ദീർഘദൂരം യാത്ര ചെയ്യേണ്ടിവരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്'. വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാർത്ത സമ്മേളനത്തില്‍ സാനിയ മിർസ വ്യക്തമാക്കി.