ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയില്‍ ആശ്വാസമായി പുതിയ കൊവിഡ് കണക്കുകള്‍. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 98,416 ആയി കുറഞ്ഞു. 552 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,306 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. തുടര്‍ച്ചയായ പത്താം ദിവസമാണ് പ്രതിദിന നിരക്ക് പതിനായിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,46,41,561 ആണ്.
കഴിഞ്ഞ ദിവസം 211 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 4,73,537 ആയി. ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌ത സംസ്ഥാനം മഹാരാഷ്‌ട്രയാണ്. കൊവിഡ് മൂലം 1,41,170 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്‌ടമായത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
8,834 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് 0.94 ശതമാനവും പ്രതിവാര നിരക്ക് 0.78 ശതമാനവുമാണ്. ഇതുവരെ 3,40,69,608 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി. 127.93 കോടി വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്‌തത്.
Also read: Omicron in India: മഹാമാരി അവസാനിച്ചിട്ടില്ലെന്നതിന്‍റെ സൂചന, ജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്‌ധര്‍