കാലിഫോർണിയ :2005-2006 മുതൽ 2019-2021 വരെയുള്ള 15 വർഷത്തിനിടെ ഇന്ത്യയിൽ ആകെ 415 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി യുഎൻ. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്‍റ് പ്രോഗ്രാമും (യുഎൻഡിപി) ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് ഇനീഷ്യേറ്റീവും (ഒപിഎച്ച്ഐ) പുറത്തിറക്കിയ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയുടെ (എംപിഐ) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
ഇന്ത്യയുൾപ്പെടെ 25 രാജ്യങ്ങൾ 15 വർഷത്തിനിടെ അവരുടെ ആഗോള ബഹുമുഖ ദാരിദ്ര്യ സൂചിക പകുതിയായി കുറച്ചു. ഇത് ഈ രാജ്യങ്ങൾ അതിവേഗം പുരോഗതി കൈവരിക്കുന്നു എന്നതാണ് വ്യക്‌തമാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, മൊറോക്കോ, സെർബിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിൽ വെറും 15 വർഷത്തിനിടെ ദാരിദ്ര്യത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 15 വർഷത്തിനിടെ 415 ദശലക്ഷം ആളുകളാണ് ദാരിദ്ര്യ രേഖയിൽ നിന്ന് പുറത്തുകടന്നത്. 2005-2006 ൽ ഇന്ത്യയിൽ ഏകദേശം 645 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിലായിരുന്നു. എന്നാൽ ഇത് 2015-2016 ൽ ഏകദേശം 370 ദശലക്ഷമായും, 2019-2021 ൽ 230 ദശലക്ഷമായും കുറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിലും ദാരിദ്ര്യം കുറഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പിന്നാക്ക ജാതി വിഭാഗങ്ങളിലെ ജനങ്ങളും കുട്ടികളും ഉൾപ്പെടെ വേഗത്തിൽ സമ്പൂർണ പുരോഗതി കൈവരിച്ചു. 2005-2006 ൽ ഇന്ത്യയിലെ ബഹുമുഖ ദരിദ്രരും പോഷകാഹാര സൂചകത്തിന് കീഴിൽ ഇല്ലാത്തവരും 44.3 ശതമാനമായിരുന്നു.