ന്യൂഡല്‍ഹി: കൊവിഡ് അതിവ്യാപന തരംഗത്തില്‍ നട്ടംതിരിയുന്ന ഇന്ത്യയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ പ്രവാഹം തുടരുകയാണ്. ഓക്സിജന്‍ കോണ്‍സന്‍റ്രേറ്ററുകള്‍, സിലിണ്ടറുകള്‍, റെംഡിസിവര്‍ ഇഞ്ചക്ഷനുകള്‍, അസംസ്കൃത വസ്തുക്കള്‍ തുടങ്ങി പിപിഇ കിറ്റുകളും മാസ്കുകളും വരെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്.
വെള്ളിയാഴ്ച റൊമാനിയയില്‍ നിന്നും 80 ഓക്സിജന്‍ കോണ്‍സന്‍റ്രേറ്റുകള്‍, 75 ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവ രാജ്യത്തെത്തി. ബ്രിട്ടനില്‍ നിന്നുള്ള 280 ഓക്സിജന്‍ കോണ്‍സന്‍റ്രേറ്റുകളും രാജ്യത്തെത്തിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ബ്രിട്ടന്‍ ഓക്സിജന്‍ കോണ്‍സന്‍റ്രേറ്റുകള്‍ ഇന്ത്യയിലേക്ക് അയക്കുന്നത്. സഹായത്തിന് ഇരു രാജ്യങ്ങള്‍ക്കും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. മഹാമാരിയെ ഒന്നിച്ച് നേരിടാനുള്ള പ്രതിബദ്ധതയ്ക്ക് ഉദാഹരണമെന്നും അദ്ദേഹം ട്വിറ്ററിലെഴുതി.