അവസാന ഓവറില്‍ ടിം സൗത്തിയുടെ ഹാട്രിക്കും അതിനുമുൻപ് ഇന്ത്യൻ സൂപ്പർ ബാറ്റർ സൂര്യകുമാർ യാദവിന്‍റെ തകർപ്പൻ സെഞ്ച്വറിയും കൊണ്ട് ആരാധകർക്ക് സൂപ്പർ നിമിഷങ്ങൾ സമ്മാനിച്ച ബേ ഓവല്‍ ടി 20യില്‍ ന്യൂസിലൻഡിന് 192 റൺസ് വിജയലക്ഷ്യം. 20 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 190 റൺസെടുത്തത്.
മഴപ്പേടിയില്‍ തുടങ്ങിയ രണ്ടാം ടി 20യില്‍ ടോസ് നേടിയ കിവീസ് നായകൻ കെയ്‌ൻ വില്യംസൺ ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. മറ്റ് ഇന്ത്യൻ ബാറ്റർമാർ നിറം മങ്ങിയപ്പോൾ ഏഴ് സിക്‌സും 11 ഫോറും അടക്കം 51 പന്തില്‍ 111 റൺസ് നേടിയാണ് ടി20യിലെ ലോക ഒന്നാം നമ്പർ ബാറ്റർ തന്‍റെ രണ്ടാം ടി20 സെഞ്ച്വറി നേടിയത്.
സഞ്ജു സാംസണെ പുറത്തിരുത്തിയപ്പോൾ ഇഷാൻ കിഷനും റിഷഭ് പന്തുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാരായത്. പന്ത് ആറ് റൺസുമായി പുറത്തായപ്പോൾ ഇഷാൻ കിഷൻ 36 റൺസെടുത്ത് പുറത്തായി. വൺഡൗണായെത്തിയ സൂര്യ പുറത്താകാതെയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
13 റൺസെടുത്ത ശ്രേയസ് അയ്യർ ഹിറ്റ് വിക്കറ്റായപ്പോൾ 13 റൺസെടുത്ത നായകൻ ഹാർദിക് പാണ്ഡ്യ ദീപക് ഹൂഡ (0), വാഷിങ്‌ടൺ സുന്ദർ (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയാണ് ടിം സൗത്തി ടി20യിലെ ഹാട്രിക് പൂർത്തിയാക്കിയത്. ടിം സൗത്തി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ലോക്കി ഫെർഗൂസൻ രണ്ട് വിക്കറ്റും ഇഷ് സോധി ഒരു വിക്കറ്റും നേടി. ന്യൂസിലൻഡ് ബൗളർമാരെ കണക്കിന് തല്ലിയ സൂര്യകുമാർ യാദവ് ഒറ്റയ്ക്കാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 49 പന്തിലാണ് സൂര്യ സെഞ്ച്വറി തികച്ചത്.