ന്യൂഡല്‍ഹി:എഥനോള്‍ ചേര്‍ത്ത പെട്രോളിന്‍റെ ഉപഭോഗം വര്‍ധിപ്പിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്‌ക്കുക എന്ന സര്‍ക്കാരിന്‍റെ പദ്ധതി വന്‍ വിജയമെന്ന് പ്രധാനമന്ത്രി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പരിധി തീരും മുമ്പ് തന്നെ ലക്ഷ്യം കണ്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച 'സേവ് സോയില്‍ മൂവ്മെന്‍റ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കുക വഴി കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്‍റെ ബഹിര്‍ഗമനം കുറയ്‌ക്കാനാകും. നിലവില്‍ ചെറിയ തോതില്‍ മാത്രമാണ് പെട്രോളില്‍ എഥനോള്‍ ഉപയോഗിക്കുന്നത്. ഇത് വര്‍ധിപ്പിക്കുകയാണ് കേന്ദ്രത്തിന്‍റെ പദ്ധതി. അതുവഴി പാരമ്പര്യേതര ഊര്‍ജ ശ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കാനുമാണ് പദ്ധതി.
ഇതിന്‍റെ ഭാഗമായി വരുന്ന നവംബര്‍ മാസത്തോടെ എഥനോള്‍ ഉപഭോഗം 10 ശതമാനമായി ഉയര്‍ത്തണം എന്നായിരുന്നു സര്‍ക്കാറിന്‍റെ ലക്ഷ്യം. എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ നിശ്ചയിച്ച അഞ്ച് മാസത്തിന് മുമ്പ് തന്നെ രാജ്യമിത് നേടിയെന്നും മോദി പറഞ്ഞു. 2014ല്‍ രണ്ട് ശതമാനം ആയിരുന്നു ലക്ഷ്യം. എന്നാലിന്ന് അത് 10 ശതമാനം ആയി ഉയര്‍ത്തി. ഇതുവഴി 27 ലക്ഷം ടണ്‍ കാര്‍ബണ്‍ പുറം തള്ളല്‍ കുറയ്‌ക്കാനായി.
40,000 കോടി രൂപയുടെ അധിക വരുമാനം കര്‍ഷകര്‍ക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പരമ്പരാഗത സ്രോതസുകള്‍ ഉപയോഗിച്ചുള്ള ഇന്ധന നിര്‍മാണം 40 ശതമാനം ആയി ഉയര്‍ന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇന്ത്യയുടെ വനവിസ്‌തൃതി 20,000 ചതുരശ്ര കിലോമീറ്ററിലധികം വർധിച്ചുവെന്നും വന്യജീവികളുടെ എണ്ണത്തിലും റെക്കോർഡ് വളർച്ചയുണ്ടായെന്നും മോദി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ലക്ഷ്യം കാണുന്നു എന്നതിന്‍റെ തെളിവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.