ന്യൂഡൽഹി: ക്ഷയരോഗവ്യാപന നിർണയത്തിനായി ‘ തദ്ദേശീയ ക്ഷയരോഗ നിർണയ മാതൃക’ നിർമിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. രാജ്യത്തെ ആരോഗ്യ മേഖലയിലെ വൻ കുതിപ്പായാണ് പദ്ധതിയെ വിലയിരുത്തുന്നത്. തദ്ദേശീയമായി ക്ഷയരോഗ നിർണയം സാധ്യമാകുന്നതോടെ എല്ലാ വർഷവും മാർച്ചോടെ ഇന്ത്യയിലെ ക്ഷയരോഗം സംബന്ധിച്ച കണക്ക് വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചത്.
രോഗത്തിന്‍റെ സ്വാഭാവിക ചരിത്രം, അണുബാധയുടെ അവസ്ഥ, ആരോഗ്യ പരിരക്ഷ തേടൽ, തെറ്റിപ്പോയതോ ശരിയായതോ ആയ രോഗനിർണയം, ചികിത്സ കവറേജ് എന്നിവക്കൊപ്പം രോഗശമനവും മരണവും ഉൾപ്പെടെയുള്ള ഫലങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ മാതൃക നിർമ്മിച്ചിരിക്കുന്നത്. എല്ലാ വർഷവും ഒക്‌ടോബറിലാണ് ലോകാരോഗ്യ സംഘടന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്. പുതിയ മാർഗം കണ്ടെത്തിയതോടെ ലോകാരോഗ്യ സംഘടന കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിന് കുറഞ്ഞത് ആറ് മാസം മുൻപെങ്കിലും രാജ്യത്തെ ക്ഷയ രോഗികളുടെ വിവരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കണ്ടെത്താനും പ്രസിദ്ധീകരിക്കാനും സാധിക്കും.
ഈ ഗണിതശാസ്‌ത്ര മാതൃക ഉപയോഗിച്ച്, ഭാവിയിൽ ഇന്ത്യയ്ക്ക് സംസ്ഥാന തലത്തിൽ തന്നെ ക്ഷയരോഗികളുടെ കണക്കുകൾ കണ്ടെത്താൻ സാധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ലോകാരോഗ്യ സംഘടന പുറത്ത് വിട്ട കണക്കിൽ 100,000 ആളുകളിൽ 210 ക്ഷയരോഗികളാണുള്ളത്. എന്നാൽ യഥാർത്ഥത്തിൽ 100,000 ജനസംഖ്യയിൽ 196 ആണ് ഇന്ത്യയിലെ ക്ഷയരോഗ നിരക്ക്. 2021-ൽ ലോകാരോഗ്യ സംഘടന സാംക്രമിക രോഗങ്ങളിൽ നിന്നുള്ള മരണം 4.94 ലക്ഷം ഉണ്ടാകുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ 3.20 ലക്ഷം മരണമാണ് സാംക്രമിക രോഗങ്ങളിൽ നിന്നുണ്ടായത്.