ന്യൂഡല്‍ഹി:
കൊവിഡ് 19 വാക്‌സിനേഷൻ യഞ്ജത്തില്‍ ഇന്ത്യ 200 കോടി ഡോസുകൾ പൂർത്തിയാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്‌സിനേഷൻ തുടങ്ങി 18 മാസങ്ങൾ കൊണ്ടാണ് 200 കോടി ആളുകൾക്ക് ഇന്ത്യയില്‍ കൊവിഡ് വാക്‌സിൻ നല്‍കിയത്. ഇന്ത്യയുടെ വാക്‌സിനേഷൻ ഡ്രൈവ് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയ മുഴുവന്‍ ജനങ്ങള്‍ക്കും അഭിനന്ദനങ്ങളെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്‌തു.
'വെറും 18 മാസത്തിനുള്ളിൽ 200 കോടി വാക്‌സിനേഷൻ എന്ന ലക്ഷ്യം പൂർത്തിയാക്കി ഇന്ത്യ പുതിയ റെക്കോഡ് സ്ഥാപിച്ചു. ഈ നേട്ടത്തിൽ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ' കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്‌തു.
ഇന്ന് ഉച്ചയ്ക്ക് 1 മണി വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തുടനീളം ആകെ 2,00,00,15,631 ഡോസുകൾ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 98 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും 90 ശതമാനം പേർക്ക് ഇരു ഡോസുകളും നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം, ജനുവരി 3ന് വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം, 15 മുതൽ 18 വയസ് വരെ പ്രായമുള്ള 82 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്.
അതേ സമയം ഇതേ പ്രായക്കാരില്‍ 56 ശതമാനം പേരും ഒന്നും രണ്ടും ഡോസുകള്‍ സ്വീകരിച്ചു. വാക്‌സിനേഷന്‍റെ 71 ശതമാനം ഗ്രാമങ്ങളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും 29 ശതമാനം നഗരങ്ങളിലെ കേന്ദ്രങ്ങളിലുമാണ് നല്‍കിയത്. കൂടാതെ, മൊത്തം ഡോസിന്‍റെ 48.9 ശതമാനം പുരുഷന്മാരും, 51.1 ശതമാനം സ്ത്രീകളും സ്വീകരിച്ചു.
ആന്ധ്രാപ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ജമ്മു&കശ്‌മീർ, ഹിമാചൽ പ്രദേശ്, ലക്ഷദ്വീപ്, ചണ്ഡീഗഡ്, തെലങ്കാന, ഗോവ എന്നിവിടങ്ങളിൽ 12 വയസിന് മുകളിലുള്ള മുഴുവന്‍ ആളുകളും ഇരു ഡോസുകളും എടുത്തിട്ടുണ്ട്. ഏറ്റവും കൂടുതൽ ഡോസുകൾ നൽകിയ ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ഉത്തര്‍പ്രദേശ് (34,41,93,641), മഹാരാഷ്ട്ര (17,05,59,447), പശ്ചിമ ബംഗാൾ (14,40,33,794), ബിഹാർ (13,98,52,042), മധ്യപ്രദേശ് (12,13,15,911) എന്നിവയാണ്. രാജ്യത്ത് നൽകിയ ക്യുമുലേറ്റീവ് വാക്‌സിൻ ഡോസുകൾ കഴിഞ്ഞ വർഷം ഒക്ടോബർ 21ന് 100 കോടിയും ഈ വർഷം ജനുവരി 7ന് 150 കോടിയും കടന്നിരുന്നു.
200 കോടി വാക്‌സിന്‍ ഡോസുകള്‍ നൽകിയതിന് ഇന്ത്യയെ ലോകാരോഗ്യ സംഘടനയുടെ തെക്ക്-കിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്‌ടർ ഡോ.പൂനം ഖേത്രപാൽ സിങ് അഭിനന്ദിച്ചു.