ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേര്‍ന്നു. കൊവിഡ് കേസുകളില്‍ ജാഗ്രത പാലിക്കാനും വ്യാപനം തടയാന്‍ തയ്യാറാകാനും സംസ്ഥാനങ്ങളോട് യോഗം നിർദേശിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍, പ്രിൻസിപ്പൽ, അഡീഷണൽ ചീഫ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ALSO READ|ആശങ്ക ഒഴിയാതെ രാജ്യം; 24 മണിക്കൂറില്‍ 6,050 പുതിയ കൊവിഡ് രോഗികള്‍, ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്ന്
'അവബോധം സൃഷ്‌ടിക്കണം':ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങള്‍ മറ്റ് അണുബാധ കേസുകള്‍ എന്നിവ നിരീക്ഷിച്ച് അടിയന്തരമായി ഹോട്ട്‌സ്‌പോട്ടുകൾ രേഖപ്പെടുത്താനും വാക്‌സിനേഷന്‍ ഉറപ്പാക്കാനും ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും മാണ്ഡവ്യ യോഗത്തില്‍ നിര്‍ദേശിച്ചു. സാമ്പിളുകള്‍ ശേഖരിച്ച് വൈറസുകളുടെ ജനിതക ഘടന നിര്‍ണയിക്കണം. കൊവിഡ് മുന്‍കരുതല്‍ അവബോധം സൃഷ്‌ടിക്കണം. കൊവിഡ് പ്രതിരോധത്തിന് മുൻകാലങ്ങളിൽ ചെയ്‌തതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരണ മനോഭാവത്തിൽ പ്രവർത്തിക്കുന്ന രീതി തുടരണം.
ALSO READ|കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊവിഡ്; 1912 പുതിയ കേസുകള്‍; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
ഏപ്രിൽ 10, 11 തിയതികളിൽ എല്ലാ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളുടെ മോക്ക് ഡ്രില്ലുകൾ നടത്തണം. ഏപ്രിൽ എട്ട്, ഒന്‍പത് തിയതികളിൽ ജില്ല ഭരണകൂടങ്ങളുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായും തയ്യാറെടുപ്പുകൾ സംബന്ധിച്ച അവലോകനം നടത്തണമെന്നും അദ്ദേഹം സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് അഭ്യർഥിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 6,050 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 203 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ നിലവിലെ കൊവിഡ് കേസുകളുടെ എണ്ണം 28,303 ആയി.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനം:14 മരണമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്‌തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്‌ട്രയിൽ മൂന്ന്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ രണ്ട് വീതം, കേരളം, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്‌മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതം എന്നിങ്ങനെയാണ് മരണം. മരണ സംഖ്യ 5,30,943 ആയി ഉയര്‍ന്നു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.02 ശതമാനമായും രേഖപ്പെടുത്തി.
രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ 4.47 കോടി (4,47,45,104) ആണ്. മൊത്തം അണുബാധയുടെ 0.6 ശതമാനമാണ് ഈ കേസുകള്‍. രോഗം ഭേദമായവരുടെ എണ്ണം 4,41,85,858 ആയി ഉയർന്നു. കൊവിഡ് മരണനിരക്ക് 1.19 ശതമാനമായി. രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാരിന്‍റെ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.66 കോടി ഡോസ് വാക്‌സിനാണ് നൽകിയത്. കേരളത്തിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സ്ഥിതിയാണുള്ളത്. 24 മണിക്കൂറിനിടെ 1912 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.