ഛണ്ഡീഗഢ് :കാനഡയിൽ കൊല്ലപ്പെട്ട കനേഡിയൻ സിഖ് പ്രവർത്തകൻ ഹർദീപ് സിങ് നിജ്ജാറിന്‍റെ (Hardeep Singh Nijjar Murder) പഞ്ചാബിലെ വീട് സീൽ ചെയ്‌ത് അധികൃതർ. ജലന്ധറിലെ ഭാർ സിങ് പുര ഗ്രാമത്തിലെ വീടാണ് അധികൃതർ സീൽ ചെയ്‌തത് (Hardeep Singh Nijjar's house seal). കഴിഞ്ഞ ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു സിഖ് സാംസ്‌കാരിക കേന്ദ്രത്തിന് പുറത്ത് വച്ചാണ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്.
വളരെക്കാലം മുമ്പ് ഇന്ത്യ വിട്ട് കാനഡയിൽ താമസമാക്കിയ നിജ്ജാർ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും പഞ്ചാബിലെ യുവാക്കൾക്കിടയിലും വിദേശത്തും ഇന്ത്യ വിരുദ്ധ വികാരം വളർത്താൻ ഏജന്‍റുമാരെ റിക്രൂട്ട് ചെയ്യുകയും ചെയ്‌തിരുന്നു. നിരോധിത ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്‍റെ (കെടിഎഫ്) തലവനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളുമായ നിജ്ജാറിന് തലയ്‌ക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍റുകള്‍ക്ക് ബന്ധമുണ്ടെന്ന് കാനഡ ആരോപണം ഉന്നയിക്കുകയുണ്ടായി. കനേഡിയന്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ നിജ്ജാറിന്‍റെ കൊലപാതകവുമായി ഇന്ത്യന്‍ ഭരണകൂടത്തിന് ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്‌തു.
എന്നാൽ, കാനഡയുടെ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചു. കൂടാതെ, കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. ഇതോടെ രാജ്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മൂർച്ഛിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കാനഡയിലെ ഇന്ത്യന്‍ വംശജർക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരും കാനഡയിലേക്ക് യാത്ര ചെയ്യുന്നവരും അതീവ ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാർ അഭ്യർഥിച്ചു (India Canada row).