ന്യൂഡല്‍ഹി:ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടല്‍ ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യം യോഗം ചേരുന്നു. ഈമാസം പതിനേഴിനും ഇരുപതിനുമിടയില്‍ നടക്കുന്ന ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യ അജണ്ട ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടല്‍ ആകുമെന്ന് റിപ്പോർട്ട്. (INDIA BLOCk agenda seat sharing). അതേസമയം യോഗത്തിന്‍റെ തിയതി ഇനിയും നിശ്ചയിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് പങ്കിടലില്‍ തീരുമാനം വേഗത്തിലുണ്ടാകണമെന്നാണ് വിവിധ കക്ഷികളുടെ ആവശ്യം.
(2024 Lok Sabha elections) സ്ഥാനാര്‍ത്ഥികളെ നേരത്തെ തീരുമാനിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവശ്യത്തിന് സമയം കിട്ടുമെന്നും ചൂണ്ടിക്കാട്ടിയാണ് എല്ലാവരും ആവശ്യം ഉന്നയിക്കുന്നത്. നിലവില്‍ നടക്കുന്ന പാർലമെന്‍റിലെ ഇരുസഭകളിലെയും തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്ത്യ മുന്നണിയുടെ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.
പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും സീറ്റ് പങ്കിടല്‍ വിഷയം ഉയര്‍ത്തിയിരുന്നു. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെയാണ് ഇന്ത്യ മുന്നണിയുെട യോഗം അവസാനം നടന്നത്. ദേശീയ വികസന സമഗ്ര സഖ്യം (INDIA)യുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഒരു യോഗം സെപ്റ്റംബര്‍ പതിമൂന്നിന് ചേര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം തെലങ്കാനയില്‍ കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സത്യപ്രതിജ്ഞയില്‍ ഇന്ത്യ മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസിന് പുറമെ ടിഎംസി എംപി ദരീക് ഒബ്രിയന്‍ മാത്രമാണ് പങ്കെടുത്തത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിനിധിയായാണ് അദ്ദേഹമെത്തിയത്. മമതയെ റെഡ്ഡി നേരിട്ട് ക്ഷണിച്ചെങ്കിലും മുന്‍നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ അവര്‍ക്ക് എത്താനായില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് പുറമെ കര്‍ണാടക-ഹിമാചല്‍ മുഖ്യമന്ത്രിമാരായ സിദ്ദരാമയ്യ, സുഖ്‌വീന്ദര്‍ സുക്കു എന്നിവരും സത്യപ്രതിജ്ഞയ്ക്കെത്തി.
തെരഞ്ഞെടുപ്പ് തോല്‍വി നല്‍കിയ പാഠം:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് ഏറെ നിർണായകമാണ്. അതുകൊണ്ടുതന്നെ അടിയന്തരമായി യോഗം ചേരണമെന്ന ആവശ്യമാണ് മുന്നണിയിലെ എല്ലാ പാർട്ടികൾക്കുമുള്ളത്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്വീകരിച്ചത് ഏകപക്ഷീയമായ നിലപാടാണെന്ന നിലപാടിലാണ് ജെഡിയു, സമാജ്‌വാദി, തൃണമൂല്‍ അടക്കമുള്ള പാർട്ടികൾ.
ഡിസംബർ മൂന്നിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡിസംബർ ആറിന് ഡൽഹിയിൽ ഇന്ത്യ മുന്നണി യോഗം വിളിച്ചിരുന്നു. പ്രമുഖ സഖ്യകക്ഷികളാരും യോഗത്തിന് എത്തുന്നത് സംബന്ധിച്ച് ഉറപ്പുപറയാൻ തയ്യാറായില്ല. അതോടെ ഡൽഹിയിലെ യോഗം അനിശ്‌ചിതത്വത്തിലായിരുന്നു. അതോടെ യോഗം അനൗപചാരികം മാത്രമാണെന്ന നിലപാടിലേക്ക് കോൺഗ്രസ് മാറിയിരുന്നു.