കാന്‍ഡി:ഏഷ്യ കപ്പില്‍ (Asia Cup) ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് (Ind Vs Pak) 267 റണ്‍സിന്‍റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ഇഷാന്‍ കിഷന്‍ (Ishan Kishan), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) എന്നിവരുടെ അര്‍ധ സെഞ്ചുറി (Half Century) പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്.
90 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്‌സും സഹിതം 87 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ (Top Scorer). ഇഷാന്‍ കിഷന്‍ 81 പന്തില്‍ ഒമ്പത് ഫോറുകളും രണ്ട് സിക്‌സും സഹിതം 82 റണ്‍സാണ് നേടിയത്. പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി (Shaheen Afridi) നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ഹാരിസ് റൗഫ് (Haris Rauf), നസീം ഷാ (Naseem Shah) എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു.
ട്രാക്കിലാക്കി ഇഷാന്‍- ഹാര്‍ദിക് സഖ്യം:നാല് വിക്കറ്റ് നഷ്‌ടത്തില്‍ 66 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായപ്പോഴാണ് ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയും ഒന്നിച്ചത്. തുടര്‍ന്ന് പാക് ബോളര്‍മാര്‍ക്കെതിരെ കരുതലോടെ കളിച്ച ഇരുവരും ചേര്‍ന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിക്കുകയായിരുന്നു.
20-ാം ഓവറില്‍ നൂറ് റണ്‍സ് കടന്ന ഇന്ത്യയെ 31-ാം ഓവറില്‍ ഇരുവരും ചേര്‍ന്ന് 150 റണ്‍സ് കടത്തിയിരുന്നു. പിന്നാലെ 38-ാം ഓവറില്‍ ഇന്ത്യ 200 റണ്‍സ് പിന്നിട്ടു. 38-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഇഷാന്‍ കിഷനെ വീഴ്‌ത്തിയ ഹാരിസ് റൗഫാണ് പാകിസ്ഥാന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
അഞ്ചാം വിക്കറ്റില്‍ 138 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇഷാന്‍-ഹാര്‍ദിക് സഖ്യം നേടിയത്. പിന്നാലെ ഹാര്‍ദിക്കിനെയും വീഴ്‌ത്താനായത് പാകിസ്ഥാന് ആശ്വാസമായി. തുടര്‍ന്നെത്തിയ രവീന്ദ്ര ജഡേജയ്‌ക്ക് അധികം പിടിച്ച് നില്‍ക്കാനായില്ല. 22 പന്തുകളില്‍ 14 റണ്‍സാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
ശാര്‍ദുല്‍ താക്കൂര്‍ (3 പന്തില്‍ 3), കുല്‍ദീപ് യാദവ് (13 പന്തില്‍ 4) എന്നിവരും നിരാശപ്പെടുത്തിയെങ്കിലും 14 പന്തില്‍ 16 റണ്‍സ് നേടിയ ജസ്‌പ്രീത് ബുംറയുടെ പ്രകടനമാണ് ഇന്ത്യയെ 250 റണ്‍സ് കടത്തിയത്.
തണ്ടൊടിഞ്ഞ് മുന്നേറ്റനിര:മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് 15 ഓവറുകള്‍ പൂര്‍ത്തിയാവും മുമ്പ് നാല് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടിരുന്നു. നായകന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli), ശ്രേയസ് അയ്യര്‍, ശുഭ്‌മാന്‍ ഗില്‍ എന്നീ നിര്‍ണായ വിക്കറ്റുകളാണ് ആദ്യ 15 ഓവറുകള്‍ക്കുള്ളില്‍ ഇന്ത്യക്ക് നഷ്‌ടമായത്. രോഹിത്തിനെയും കോലിയേയും ഷഹീന്‍ അഫ്രീദി പുറത്താക്കിയപ്പോള്‍ ഹാരിസ് റൗഫാണ് ശ്രേയസിനും ഗില്ലിനും പുറത്തേക്കുള്ള വഴി കാണിച്ചത്.
കരുതലോടെ തുടങ്ങിയ ഇന്ത്യക്കായി ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി നേടിയാണ് രോഹിത് ശര്‍മ ടീമിന്‍റെ അക്കൗണ്ട് തുറന്നത്. എന്നാല്‍ പാക് പേസ് നിര കളം പിടിച്ചതോടെ സ്‌കോര്‍ ബോര്‍ഡ് ഇഴഞ്ഞു. 4.2 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 15 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മഴയെത്തിയതോടെ മത്സരം അല്‍പനേരം നിര്‍ത്തിവയ്‌ക്കേണ്ടതായും വന്നിരുന്നു.
മഴയുടെ കളിയും പാകിസ്ഥാന്‍റെ പേസും: മത്സരം പുനരാരംഭിച്ച് നാലാം പന്തില്‍ രോഹിത്തിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. തുടര്‍ന്നെത്തിയ വിരാട് കോലി നസീം ഷാക്കെതിരെ അതിമനോഹരമായ കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടിക്കൊണ്ട് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ ഷഹീന്‍ അഫ്രീദിയുടെ അടുത്ത ഓവറില്‍ കോലിയും മടങ്ങി.
ഓഫ് സ്റ്റംപിന് പുറത്തുള്ള പന്തില്‍ പഞ്ച് ഷോട്ട് കളിച്ച കോലി പ്ലേഡൗണ്‍ ആവുകയായിരുന്നു. ഏഴ് പന്തില്‍ നാല് റണ്‍സ് മാത്രമായിരുന്നു സ്‌റ്റാര്‍ ബാറ്ററുടെ സമ്പാദ്യം. മൂന്നാം നമ്പറിലെത്തിയ ശ്രേയസ് ആക്രമിച്ച് കളിച്ചെങ്കിലും ഹാരിസ് റൗഫിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ മിഡ് വിക്കറ്റില്‍ ഫഖര്‍ സമാന്‍റെ കയ്യില്‍ ഒതുങ്ങി. 11-ാം ഓവറില്‍ ഇന്ത്യ 50 കടന്നതിന് പിന്നാലെ വീണ്ടും മഴയെത്തി. മത്സരം വീണ്ടും ആരംഭിച്ച് അല്‍പസമയത്തിനകം ശുഭ്‌മാന്‍ ഗില്ലും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലാവുകയായിരുന്നു.