ബെംഗളൂരു:നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കർണാടകയിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തകൃതിയായി നടക്കുകയാണ്. മെയ് നാലിന് ബെംഗളൂരുവിൽ വിവിധയിടങ്ങളിലായി നടന്ന പരിശോധനയിൽ കണക്കിൽ പെടാത്ത പണവും വജ്രം പതിച്ച ആഭരണങ്ങളും ഉൾപ്പെടെ 20 കോടിയുടെ വസ്‌തുക്കൾ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും ഉൾപ്പെടെ കോടികളുടെ വസ്‌തുക്കൾ പിടിച്ചെടുത്തത്. മെയ് നാലിന് നടത്തിയ പരിശോധനയിൽ 20 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്ത് വിവിധ ധനകാര്യ സ്ഥാപനങ്ങൾ സംഭരിച്ചതായി കണ്ടെത്തിയതായി ആദായനികുതി വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വിവിധ ഉറവിടങ്ങളിൽ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങൾ അനുസരിച്ചാണ് തെരച്ചിൽ നടത്തിയത്. 15 കോടി രൂപയുടെ അനധികൃത പണവും അഞ്ച് കോടി രൂപയുടെ വജ്രം പതിച്ച ആഭരണങ്ങളുമാണ് കണ്ടെത്തിയത്. വോട്ട് പിടിക്കുന്നതിനായി ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിനായി സംഭരിച്ചിരുന്നവയായിരുന്നു ഇത്.