ചെന്നൈ : തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രിയും ഡിഎംകെ നേതാവുമായ ഇ വി വേലുവുമായി (Minister EV Velu) ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്‌ഡ് (Income Tax Raid). മന്ത്രി ഇ വി വേലുവുമായി ബന്ധപ്പെട്ട കമ്പനികളിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന. ത്യാഗരായ നഗർ, കിൽപ്പാക്കം, മൗണ്ട് റോഡ്, വെപ്പേരി, അണ്ണാനഗർ തുടങ്ങി ചെന്നൈയിലും തിരുവണ്ണാമലൈയിലും ഉൾപ്പടെയുള്ള മന്ത്രിയുടെ വസതികൾ, അരുണൈ കോളജ് ഓഫ് എഞ്ചിനീയറിങ്, അരുണൈ മെഡിക്കൽ കോളജ്, ഓഫിസ്, ട്രസ്റ്റ് എന്നിവിടങ്ങളിലായി മുപ്പതിലധികം ആദായനികുതി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തുന്നതായാണ് വിവരം.
2021ൽ ഇ വി വേലുവിന്‍റെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരുന്നു. അന്ന് പിടിച്ചെടുത്ത പല സുപ്രധാന രേഖകളുടേയും അടിസ്ഥാനത്തിലാണ് വീണ്ടും റെയ്‌ഡ് നടത്തുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇ വി വേലുവിന്‍റെ സഹോദരന്‍റെയും മകന്‍റെയും മകളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും അനുബന്ധ കമ്പനികളിലും പരിശോധന നടക്കുന്നുണ്ട്.
ഇതിന് പുറമെ, പൊതുമരാമത്ത് വകുപ്പ് കരാറുകാർ, കെട്ടിടങ്ങൾ, ഹൈവേ വകുപ്പ് കരാറുകാർ എന്നിവയുമായി ബന്ധപ്പെട്ട 40ൽ പരം ഓഫിസുകളിലും പരിശോധന നടക്കുന്നതായാണ് വിവരം. ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്ന സ്ഥലങ്ങളിൽ സുരക്ഷയുടെ ഭാഗമായി സെൻട്രൽ റിസർവ് പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാൾ മന്ത്രിയുടെ വസതിയിൽ റെയ്‌ഡ് : റേഷൻ വിതരണത്തിൽ അഴിമതി (Ration Distribution Corruption) നടത്തിയെന്ന പരാതിയിൽ പശ്ചിമ ബംഗാൾ വനംമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിന്‍റെ (WB minister Jyotipriya Mallick) വസതിയിൽ കഴിഞ്ഞയാഴ്‌ച എൻഫോഴ്‌മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് (ED raids) നടത്തിയിരുന്നു. പൊതുവിതരണ മേഖലയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്‌താണ് റെയ്‌ഡ് നടത്തിയത്. റേഷൻ അഴിമതി കേസിൽ വ്യവസായി ബാകിബുർ റഹ്മാൻ അറസ്റ്റിലായതിന് പിന്നാലെയാണ് കേസിൽ മല്ലിക്കിന്‍റെ പേര് ഉയർന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മല്ലിക്കിന് റഹ്മാനുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജൻസി അന്വേഷിച്ചുവരികയാണ്. ദുർഗാപൂജയ്‌ക്ക് മുന്നോടിയായി സംസ്ഥാനത്തെ വിവിധ മുനിസിപ്പാലിറ്റികളിലും സംസ്ഥാന മന്ത്രി ഫിർഹാദ് ഹക്കിം, കമർഹതി എംഎൽഎ മദൻ മിത്ര എന്നിവരുടെ വസതികളിലും സിബിഐ ഒരേസമയം പരിശോധന നടത്തിയിരുന്നു.