ന്യൂഡൽഹി:ജാർഖണ്ഡിലെ ആദായ നികുതി വകുപ്പ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ റെയ്‌ഡിൽ രണ്ട് കോടി രൂപയുടെ കള്ളപ്പണവും കണക്കിൽ പെടാത്ത 100 കോടി രൂപയുടെ നിക്ഷേപങ്ങളും കണ്ടെത്തി. റാഞ്ചി, ഗോഡ്ഡ, ബെർമോ, ദുംക, ജംഷഡ്‌പൂർ, ചൈബാസ, പട്‌ന, ഗുരുഗ്രാം, കൊൽക്കത്ത എന്നിവിടങ്ങളിലായി 50ലധികം സ്ഥലങ്ങളിലാണ് സംഘം തെരച്ചിൽ നടത്തിയത്. 16 ബാങ്ക് ലോക്കറുകളും പരിശോധന സംഘം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.
കൽക്കരി വ്യാപാരം, ഗതാഗതം, സിവിൽ കരാറുകൾ നടപ്പിലാക്കൽ, ഇരുമ്പയിര് വേർതിരിച്ചെടുക്കൽ, സ്പോഞ്ച് ഇരുമ്പ് ഉത്‌പാദനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഏതാനും ബിസിനസ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്‌ഡ് നടന്നത്. നവംബർ നാലിന് ജാർഖണ്ഡിലെ രണ്ട് കോണ്‍ഗ്രസ് എംഎൽഎമാരുടെ വസതികളിലും റെയ്‌ഡ് നടന്നിരുന്നു. ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് ഇപ്പോൾ റെയ്‌ഡ് നടന്നത്.
റെയ്‌ഡിൽ പണവും നിക്ഷേപങ്ങളും കൂടാതെ നിരവധി രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവർ വലിയ രീതിയിൽ നികുതി വെട്ടിപ്പ് നടത്തിയതായും പിടിച്ചെടുത്ത രേഖകളിൽ ഇതിന്‍റെ തെളിവുകളുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ സ്ഥാവര സ്വത്തുക്കളിൽ അനധികൃത നിക്ഷേപം നടത്തിയതായും സംഘം കണ്ടെത്തിയിട്ടുണ്ട്.
സിവിൽ കരാറുകളിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ അക്കൗണ്ട് ബുക്കുകൾ സൂക്ഷിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി. അസംസ്‌കൃത വസ്‌തുക്കൾ വാങ്ങുന്നതിന്‍റെ യഥാർഥ ഇടപാടുകൾ, ഉപ കരാർ ചെലവുകൾ എന്നിവ ഒറ്റത്തവണയായി വർഷാവസാനം തീർപ്പാക്കുന്നതിലൂടെ ഗ്രൂപ്പ് അതിന്‍റെ ചെലവുകൾ പെരുപ്പിച്ചു കാണിക്കുന്നു. കരാറുകൾ സുരക്ഷിതമാക്കാൻ അനധികൃതമായി പണം നൽകിയതായും പിടിച്ചെടുത്ത രേഖകളിൽ നിന്ന് വ്യക്‌തമാണ്.
കൽക്കരി വ്യാപാരം, ഇരുമ്പയിര് വേർതിരിച്ചെടുക്കൽ മുതലായ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രൂപ്പിൽ വൻതോതിൽ മൂല്യമുള്ള ഇരുമ്പയിരിന്‍റെ കണക്കിൽപ്പെടാത്ത സ്റ്റോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് വ്യക്‌തമാക്കി.