ലഖ്‌നൗ : സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്‌റ്റില്‍(സിടിഇടി) തട്ടിപ്പ് നടത്തിയ രണ്ടുപേര്‍ യുപിയില്‍ അറസ്‌റ്റില്‍. ഉദ്യോഗാര്‍ഥിക്ക് വേണ്ടി പരീക്ഷയെഴുതിയയാളും മത്സരാര്‍ഥിയുമാണ് അറസ്‌റ്റിലായത്. ഉത്തര്‍പ്രദേശിലെ ബന്താരയിലെ പരീക്ഷാകേന്ദ്രത്തില്‍ നിന്ന് മനീഷ് കുമാറിനേയും ശുഭം യാദവിനേയുമാണ് യുപി പൊലീസ് പിടികൂടിയത്.
പണം വാങ്ങി പരീക്ഷയെഴുതിക്കൊടുക്കും ; ഒടുവില്‍ മനീഷിന് പിടിവീണു, കുടുങ്ങിയത് അധ്യാപക യോഗ്യത ടെസ്റ്റില്‍ - crime news
പണം വാങ്ങി മത്സര പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ഹാജരാകുന്ന ആളാണ് താനെന്ന് അറസ്റ്റിലായ മനീഷ് കുമാര്‍ പൊലീസിനോട് സമ്മതിച്ചു
മനീഷ്‌കുമാര്‍ ആള്‍മാറാട്ടം നടത്തി ശുഭം യാദവിന് വേണ്ടി പരീക്ഷ എഴുതുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് യുപി പൊലീസിന്‍റെ പ്രത്യേക ദൗത്യസംഘമാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ശുഭം യാദവ് ബിഹാറിലെ ജൗൻപൂർ സ്വദേശിയാണ്. മനീഷ്‌കുമാര്‍ യുപിയിലെ കൈമൂർ സ്വദേശിയും.
ഇവരില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ രേഖകളും ധാരാളം അഡ്‌മിറ്റ് കാര്‍ഡുകളും പിടിച്ചെടുത്തു. ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി 10,000 രൂപ മുതല്‍ 15,000 രൂപവരെ ഈടാക്കി താന്‍ മത്സര പരീക്ഷകള്‍ എഴുതാറുണ്ടെന്ന് പൊലീസിനോട് മനീഷ് കുമാര്‍ സമ്മതിച്ചു. 2016ല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുമ്പോഴാണ് ഇങ്ങനെ പണം വാങ്ങി മറ്റുള്ളവര്‍ക്ക് വേണ്ടി മത്സരപരീക്ഷകള്‍ എഴുതുന്ന സംഘത്തെ പരിചയപ്പെട്ടതെന്ന് മനീഷ് കുമാര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് വ്യക്തമാക്കി.