വാരണാസി : ഉത്തർപ്രദേശിൽ അഗ്‌നിവീറായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) നൈപുണ്യ അധിഷ്‌ഠിത ബാച്ചിലേഴ്‌സ് ഡിഗ്രി കോഴ്‌സുകൾ ആരംഭിച്ചു. അഗ്‌നിവീറായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകുന്നതിന് ഇന്ത്യൻ കര, നാവിക, വ്യോമ സേനകളുമായി ധാരണാപത്രം ഒപ്പുവച്ചതായി വാരണാസിയിലുള്ള ഇഗ്‌നോയുടെ റീജിയണൽ ഡയറക്‌ടർ ഡോ. ഉപേന്ദ്ര നാഭ ത്രിപാഠി അറിയിച്ചു. അഗ്‌നിവീർ പദ്ധതി പ്രകാരം സായുധ സേനയിൽ ചേരുന്നവർക്ക് മറ്റു സ്‌ട്രീമുകളിലും ബിരുദം നേടാവുന്നതാണ്.
അഗ്‌നിവീർ യോജനയുടെ കീഴിൽ കരസേനയിലോ നാവികസേനയിലോ വ്യോമസേനയിലോ ചേരാൻ താൽപ്പര്യമുള്ളവള്ളർക്ക് സേനയിൽ ചേർന്ന ശേഷവും അവരുടെ പഠനം മുന്നോട്ട് കൊണ്ടുപോകാം. ഇതിന് പുറമെ, സർവീസിലിരിക്കെ തന്നെ സൈനികർക്ക് ബിരുദ കോഴ്‌സുകൾ പൂർത്തീകരിക്കാമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയ കോഴ്‌സിന്‍റെ ഇഗ്‌നോയിലെ പ്രവേശന പ്രക്രിയയെ കുറിച്ച് സർവകലാശാല റീജിയണൽ ഡയറക്‌ടർ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
അഞ്ച് കോഴ്‌സുകളാണ് സ്ഥാപനം അഗ്‌നിവീരര്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്. ഇതിന്‍റെ ഓൺലൈൻ പ്രവേശന നടപടികൾ ആരംഭിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. ബാച്ചിലർ ഓഫ് കൊമേഴ്‌സ് അപ്ലൈഡ് സ്‌കിൽസ് (BComAS), ബാച്ചിലർ ഓഫ് ആർട്‌സ് അപ്ലൈഡ് സ്‌കിൽസ് (BAAS), ബാച്ചിലർ ഓഫ് സയൻസ് അപ്ലൈഡ് സ്‌കിൽസ് (BScAS), ബാച്ചിലർ ഓഫ് ആർട്‌സ് അപ്ലൈഡ് സ്‌കിൽസ് എംഎസ്‌എംഇ (BAASMSME), ബാച്ചിലർ ഓഫ് ആർട്‌സ് ടൂറിസം മാനേജ്‌മെന്‍റ് (BAASTM) എന്നിവയാണ് അവതരിപ്പിക്കുന്ന കോഴ്‌സുകൾ. സർവീസിലിരിക്കുമ്പോൾ തന്നെ അഗ്‌നിവീരര്‍ക്ക് ഇതിൽ ഏത് ഡിഗ്രിയും പഠിക്കാവുന്നതാണ്.