ഹൈദരാബാദ് : ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ (ODI World Cup 2023) ആവേശമുണര്‍ത്തി ലോകകപ്പ് ട്രോഫി റാമോജി ഫിലിം സിറ്റിയിലെത്തി (Ramoji Film City). ബുധനാഴ്‌ച (20.09.2023) വൈകുന്നേരമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ (ICC), ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ട്രോഫി റാമോജി ഫിലിം സിറ്റിയില്‍ എത്തിച്ചത്. ലോകകപ്പ് പ്രചരണാര്‍ഥം ഐസിസി നടത്തുന്ന ട്രോഫി പ്രദര്‍ശന പര്യടനത്തിന്‍റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്.
റാമോജി ഫിലിം സിറ്റിയിലെ കാരംസ് ഗാർഡനിലെ ചടങ്ങില്‍ ആര്‍എഫ്‌സി മാനേജിങ് ഡയറക്‌ടര്‍ സിഎച്ച് വിജയേശ്വരിയാണ് ട്രോഫി അനാച്ഛാദനം ചെയ്‌തത്. ഈനാട് മാനേജിങ് ഡയറക്‌ടര്‍ സിഎച്ച് കിരണ്‍, ഇടിവി സിഇഒ ബാപിനീടു എന്നിവരും സംബന്ധിച്ചു. അതേസമയം ലോകകപ്പിന്‍റെ മുഖ്യവേദിയായ അഹമ്മദാബാദില്‍ നിന്നും തുടങ്ങിയ ട്രോഫി പര്യടനം കുവൈറ്റ്, ബഹ്‌റൈൻ, മലേഷ്യ, യുഎസ്എ, നൈജീരിയ, ഉഗാണ്ട, ഫ്രാൻസ്, ഇറ്റലി, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനിയ തുടങ്ങി 18 രാജ്യങ്ങള്‍ പിന്നിട്ട ശേഷമാണ് ഇന്ത്യയിലേക്ക് വീണ്ടുമെത്തിയത്.
എല്ലാവര്‍ക്കും കാണാം, പക്ഷേ ആര്‍ക്കെല്ലാം സ്‌പര്‍ശിക്കാം? : ഐസിസി ട്രോഫി കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പ്രോട്ടോകോളുകള്‍ തന്നെയുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞടുക്കപ്പെട്ട ഒരു കൂട്ടം വ്യക്തികള്‍ക്ക് മാത്രമേ ഫോട്ടോഗ്രാഫുകള്‍ പകര്‍ത്തുന്നതിനായി ട്രോഫിയില്‍ തൊടാനും അത് എടുത്തുയര്‍ത്താനും അനുവാദമുള്ളൂ. ഇതുപ്രകാരം ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങള്‍ക്കും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് അല്ലെങ്കില്‍ അനുബന്ധ യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുന്ന അന്താരാഷ്‌ട്ര താരങ്ങള്‍ക്കും മറ്റ് താരങ്ങള്‍ക്കും ട്രോഫിയില്‍ സ്‌പര്‍ശിക്കാനാവും.