ന്യൂഡല്‍ഹി :രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ സൈനികരെ ഹ്രസ്വകാലത്തേക്ക് ഉൾപ്പെടുത്തുന്നതിനുള്ള അഗ്നിപഥ് പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ വ്യോമസേന. പദ്ധതി സംബന്ധിച്ച കുറിപ്പില്‍, സായുധ സേനയ്‌ക്കായുള്ള പുതിയ മാനവ വിഭവശേഷി മാനേജ്‌മെന്‍റ് സ്‌കീമായിട്ടാണ് വ്യോമസേന അഗ്നിപഥിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1950 ലെ എയർഫോഴ്‌സ് ആക്‌ട് പ്രകാരമായിരിക്കും നിയമനവും തുടര്‍നടപടികളും.
വ്യക്തമായ കാരണങ്ങളില്ലാതെ ജോലിയുടെ കാലയളവ് പൂർത്തിയാകുന്നതിന് മുമ്പ് റിക്രൂട്ട് ചെയ്‌തവരെ വിട്ടയയ്ക്കുകയെന്നത് അനുവദനീയമല്ലെന്ന് വ്യോമസേന പറയുന്നു. യോഗ്യത മാനദണ്ഡം, പ്രതിഫല പാക്കേജ്, മെഡിക്കൽ, സിഎസ്‌ഡി (കാന്‍റീന്‍ സ്റ്റോഴ്‌സ് ഡിപ്പാർട്ട്മെന്‍റ്) സൗകര്യങ്ങൾ, വൈകല്യത്തിനുള്ള നഷ്‌ടപരിഹാരം, വൈകല്യത്തിന്‍റെ വ്യാപ്‌തി കണക്കാക്കൽ, അവധി, പരിശീലനം എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങള്‍ വ്യോമസേന കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 18 വയസിന് താഴെയുള്ളവരുടെ എൻറോൾമെന്‍റ് ഫോമിൽ നിലവിലുള്ള വ്യവസ്ഥകൾക്കനുസൃതമായി രക്ഷിതാക്കള്‍ ഒപ്പിടേണ്ടതുണ്ട്.
ജൂൺ 14 ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പ്രകാരം 17-21 വയസ് പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് റിക്രൂട്ട് ചെയ്യാനും അവരിൽ 25 ശതമാനം പേരെ 15 വർഷത്തേക്ക് കൂടി നിലനിർത്താനും വ്യവസ്ഥയുണ്ട്. 2022 - ൽ റിക്രൂട്ട്‌മെന്‍റിനുള്ള ഉയർന്ന പ്രായപരിധി 23 വയസായി സർക്കാർ നീട്ടി. പുതിയ സ്‌കീം പ്രകാരം റിക്രൂട്ട് ചെയ്യുന്ന ജീവനക്കാരെ അഗ്നിവീർ എന്നാണ് സംബോധന ചെയ്യുക. നാലുവർഷത്തെ കാലയളവിനുശേഷം, എല്ലാ അഗ്നിവീരരും മടങ്ങും.
Also Read 'അഗ്‌നിവീരര്‍'ക്ക് സൈനിക തസ്‌തികകളില്‍ 10% സംവരണം ; പ്രഖ്യാപനം 'അഗ്‌നിപഥ്' പ്രതിഷേധം ആളിക്കത്തുന്നതിനിടെ
ആവശ്യകതകളുടെയും നയങ്ങളുടെയും അടിസ്ഥാനത്തിൽ, സേവനം പൂര്‍ത്തിയാക്കുന്ന അഗ്നിവീരര്‍ക്ക് റെഗുലർ കേഡറിൽ വ്യോമസേനയില്‍ ചേരുന്നതിന് അപേക്ഷിക്കാനുള്ള അവസരം നൽകും. ഓരോ അഗ്നിവീറിനും, നേടിയ കഴിവുകൾ അവരുടെ ബയോഡാറ്റയുടെ ഭാഗമാക്കി അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കാം. ഈ അപേക്ഷകൾ കേന്ദ്രീകൃത ബോർഡ് സുതാര്യമായ രീതിയിൽ പരിഗണിക്കും.
ഇവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ഐഎഎഫിൽ എൻറോൾ ചെയ്യപ്പെടും. സായുധ സേനയിലേക്ക് കൂടുതൽ പ്രവേശനം സാധ്യമാകില്ല. കൂടാതെ തിരഞ്ഞെടുപ്പ് സർക്കാരിന്‍റെ പ്രത്യേക അധികാരപരിധിയിലുമായിരിക്കും. മെഡിക്കൽ ട്രേഡ്‌സ്‌മാൻ ഒഴികെയുള്ള ഐഎഎഫിന്‍റെ റെഗുലർ കേഡറിലേക്ക് എയർമാൻമാരായി എൻറോൾ ചെയ്യപ്പെടാന്‍, അഗ്നിവീരരായി എന്‍ഗേജ്മെന്‍റ് കാലയളവ് പൂർത്തിയാക്കിയവര്‍ക്ക് ഉയര്‍ന്ന സാധ്യതകളുണ്ട്. സ്‌കീമിന് കീഴിൽ എൻറോൾ ചെയ്‌തിട്ടുള്ളവർ സേനയുടെ വിവേചനാധികാരത്തിൽ സംഘടനാ താൽപര്യത്തിൽ ഏതെങ്കിലും ചുമതല വഹിക്കാൻ ബാധ്യസ്ഥരാണ്. നിലവിലുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് അവരെ ബഹുമതികൾക്കും അവാർഡുകൾക്കും പരിഗണിക്കും.
ഓരോ അഗ്നിവീരര്‍ക്കും 30 ദിവസത്തെ വാർഷിക അവധി അനുവദിക്കുമെന്നും അസുഖ അവധി ഡോക്‌ടറുടെ ഉപദേശത്തെ ആശ്രയിച്ചിരിക്കുമെന്നും വിശദാംശങ്ങളില്‍ പറയുന്നു. ഓൺലൈൻ സ്റ്റാർ പരീക്ഷയും അനുബന്ധ ടെസ്റ്റിംഗ് രീതികളും, പ്രത്യേക റാലികളും ക്യാമ്പസ് അഭിമുഖങ്ങളും ഉപയോഗിച്ച് രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉദ്യോഗാർഥികളെ അഗ്നിവീരരായി ചേർക്കാൻ ശ്രമിക്കുമെന്ന് വ്യോമസേന അറിയിച്ചു. റിക്രൂട്ട് ചെയ്യുന്നവർ പുതിയ സ്‌കീമിന്‍റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കേണ്ടതുണ്ടെന്നും വ്യോമസേന അറിയിച്ചു.