കൊവിഡ് രോഗികളടക്കമുള്ള ശാസ്‌ത്രജ്ഞരുടെ സംഘത്തെ എയര്‍ലിഫ്റ്റ് ചെയ്‌ത് വ്യോമസേന - കൊവിഡ് വാര്‍ത്തകള്‍
ഏഷ്യയിലെ തന്നെ മറ്റൊരു രാജ്യത്തേക്ക് അവരുടെ സമ്മതത്തോടെ രഹസ്യമായ ചില പദ്ധതികള്‍ നടപ്പാക്കാൻ പോയ സംഘത്തെയാണ് വ്യോമസേന തിരിച്ചെത്തിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: കൊവിഡ് രോഗികളടക്കമുള്ള ശാസ്‌ത്രജ്ഞരുടെ സംഘത്തെ വിദേശ രാജ്യത്തുനിന്നും എയര്‍ലിഫ്റ്റ് ചെയ്‌ത് ഇന്ത്യയിലെത്തിച്ച് വ്യോമസേന. ഏഷ്യയിലെ തന്നെ മറ്റൊരു രാജ്യത്തേക്ക് അവരുടെ സമ്മതത്തോടെ രഹസ്യമായ ചില പദ്ധതികള്‍ നടപ്പാക്കാൻ പോയ സംഘത്തെയാണ് വ്യോമസേന തിരിച്ചെത്തിച്ചിരിക്കുന്നത്. ഏത് രാജ്യത്ത് നിന്നാണെന്നോ എന്തായിരുന്നു ഇവരുടെ ദൗത്യമെന്നതോ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ശാസ്‌ത്രജ്ഞരുടെ സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ നിരീക്ഷണത്തിലേക്ക് മാറ്റിയെങ്കിലും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റ് ചിലര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് സംഘത്തെ തിരിച്ചെത്തിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. 20 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ ഇന്ത്യയിലെത്തിക്കാനായത്. രോഗം പകരാതിരിക്കാനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വ്യോമസേനാംഗങ്ങള്‍ എയര്‍ ലിഫ്‌റ്റിങ് നടത്തിയത്. വിമാനത്തില്‍ ഓരോരുത്തര്‍ക്കും ഇരിക്കാൻ പ്രത്യേക ക്യാബിൻ സൗകര്യവും ഒരുക്കിയിരിന്നു. നേരത്തെ വുഹാനില്‍ കുടുങ്ങിയ ഡോക്‌ടര്‍മാരെ വ്യോമസേന ഇന്ത്യയിലെത്തിച്ചിരുന്നു. എന്നാല്‍ അവരില്‍ കൊവിഡ് രോഗികളുണ്ടായിരുന്നില്ല.