ന്യൂഡല്‍ഹി: അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരുമായി വ്യോമസേനയുടെ വിമാനം പുറപ്പെട്ടു. കാബൂളില്‍ നിന്ന് 85 ഇന്ത്യക്കാരുമായുള്ള എയര്‍ഫോഴ്‌സിന്‍റെ സി-130ജെ ട്രാന്‍സ്‌പോര്‍ട്ട് വിമാനം പുറപ്പെട്ടുവെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇന്ധനം നിറയ്ക്കുന്നതിനായി താജകിസ്ഥാനില്‍ വിമാനം ഇറക്കിയിരിക്കുകയാണ്. തജകിസ്ഥാനിലെ ദുഷന്‍ബെയില്‍ വച്ച് യാത്രക്കാരെ എയര്‍ ഇന്ത്യയുടെ വിമാനത്തിലേക്ക് മാറ്റും.
അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യ നടത്തുന്ന രക്ഷാദൗത്യത്തിന്‍റെ ഭാഗമായുള്ള മൂന്നാമത്തെ വിമാനമാണിത്. കാബൂളില്‍ നിന്ന് പുറപ്പെട്ട സി-17 വിമാനത്തില്‍ 140 യാത്രക്കാരേയും അതിന് മുന്‍പ് എയര്‍ ഇന്ത്യയുടെ എഐ243 വിമാനത്തില്‍ 129 യാത്രക്കാരെയും ഇന്ത്യ തിരികെയെത്തിച്ചിരുന്നു.
കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ യുഎസ് വ്യോമസേനയുടെ അനുമതിയോടെ 180 ഉദ്യോഗസ്ഥരെയാണ് ഇന്ത്യ തിരികെയെത്തിച്ചത്. നേരത്തെ താലിബാന്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുന്‍പായി കാണ്ഡഹാറിലുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കാബൂളിലെ എംബസിയിലേക്ക് ഇന്ത്യ മാറ്റിയിരുന്നു.
അഫ്‌ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് വിസ അപേക്ഷകൾക്കായി 'ഇ-എമർജൻസി എക്‌സ്-മിസ്‌ക് വിസ' എന്ന ഇലക്ട്രോണിക് വിസയുടെ പുതിയ വിഭാഗം കൂടെ ചേർത്തിട്ടുണ്ട്.
Read more: അഫ്‌ഗാനിലെ ഇന്ത്യൻ എംബസി അടച്ചു; ഉദ്യോഗസ്ഥരുമായി വിമാനം ഇന്ത്യയിലെത്തി