ശ്രീനഗര്‍:കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലുള്ള ലേ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം കുരുങ്ങിയതോടെ മറ്റ് വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ഫോഴ്‌സിന്‍റെ സി17 ഗ്ലോബ്മാസ്‌റ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനം സാങ്കേതിക തകരാറുകൾ കാരണം റണ്‍വേയില്‍ നിന്നുപോയതോടെയാണ് സ്വകാര്യ കമ്പനികളുടെ മറ്റ് വിമാനങ്ങള്‍ക്ക് പറന്നുയരാനോ ഇറങ്ങാനോ കഴിയാതെ വന്നത്. ഇതോടെ ബുധനാഴ്‌ച രാവിലെ വരെ സർവീസ് നിർത്തിവയ്ക്കാൻ എല്ലാ സ്വകാര്യ വിമാനക്കമ്പനികൾക്കും നിർദേശം നൽകുകയായിരുന്നു. അതേസമയം ബുധനാഴ്‌ച രാവിലെയോടെ റൺവേ സജ്ജമാകുമെന്നും വ്യോമസേനയുടെ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ലക്ഷ്യസ്ഥാനത്ത് എത്തുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
സര്‍വീസ് നിര്‍ത്തിയതില്‍ വിശദീകരണം:ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങളാണ്, കുശോക് ബകുല റിംപോച്ചെ വിമാനത്താവളത്തില്‍ നിന്നും ഇന്നത്തെ ഒട്ടുമിക്ക ഫ്ലൈറ്റുകളും റദ്ദാക്കി. മുമ്പ് അറിയിച്ച സാഹചര്യം ശരിയാക്കാനും ഷെഡ്യൂൾ അനുസരിച്ച് നാളെയോടെ ഫ്ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കാനും ബന്ധപ്പെട്ട ഏജൻസികൾ തുടർച്ചയായി പ്രവർത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ വഴിയോ അറിയിക്കാം എന്ന് ലേ വിമാനത്താവള അധികൃതർ ഔദ്യോഗിക ഹാൻഡിലിലൂടെ ട്വീറ്റ് ചെയ്‌തു.
പ്രശ്‌നത്തില്‍ വലഞ്ഞ്:ലേ വിമാനത്താവളത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള വിമാനം ഡൽഹിയിലേക്ക് മടങ്ങുകയാണെന്ന് വിമാനക്കമ്പനിയായ വിസ്‌ത്രയും ട്വിറ്ററില്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് എയർ ഇന്ത്യയും അവരുടെ ഒരു വിമാനം റദ്ദാക്കുകയും മറ്റൊന്ന് ശ്രീനഗറിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്‌തു. എന്നാല്‍ ഇൻഡിഗോ ലേയിലേക്കുള്ള നാല് വിമാനങ്ങളും റദ്ദാക്കി.
പ്രതികരിച്ച് ഇന്‍ഡിഗോ:ഇതെല്ലാം വിമാനക്കമ്പനിയുടെ നിയന്ത്രണത്തിന് അതീതമാണെന്നും ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നുമായിരുന്നു സംഭവത്തില്‍ ഒരു ട്വിറ്റർ ഉപയോക്താവിനോടുള്ള ഇന്‍ഡിഗോയുടെ മറുപടി. ഞങ്ങളുടെ ടീം യാത്രക്കാരെ ഏറ്റവും മികച്ച രീതിയിൽ സഹായിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഈ ഇടക്കാലത്തെക്കുറിച്ചുള്ള നിങ്ങളുടെ മനസിലാക്കല്‍ വളരെ വിലമതിക്കുന്നു എന്നും വിമാനക്കമ്പനി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ എയർക്രാഫ്റ്റാണ് സി 17 ഗ്ലോബ്മാസ്‌റ്റർ. സുഡാനിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ഇന്ത്യൻ പൗരന്മാരെ രക്ഷിക്കാൻ ഏപ്രിലിലും ഈ മാസം തുടക്കത്തിലുമായി സജീവമായിരുന്ന വിമാനമായിരുന്നു ഇത്.
വിമാനത്തിലെ തര്‍ക്കങ്ങള്‍:അടുത്തിടെ ഇന്‍ഡിഗോയുടെ വിമാനത്തില്‍ മദ്യപിച്ച് എയർ ഹോസ്റ്റസിനെ ശല്യപ്പെടുത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ദുബായിൽ നിന്ന് അമൃത്‌സറിലെത്തിയ ഇൻഡിഗോ നമ്പർ 6E 1428 വിമാനത്തിലായിരുന്നു സംഭവം. സംഭവത്തില്‍ ജലന്ധറിലെ കോട്‌ലി ഗ്രാമവാസിയായ രജീന്ദർ സിങ് പിടിയിലായിരുന്നു.
വിമാനത്തിൽ വച്ച് മദ്യപിച്ച രജീന്ദർ ബഹളമുണ്ടാക്കുകയും വനിത എയർ ഹോസ്റ്റസിനെ ശല്യം ചെയ്യുകയുമായിരുന്നു. തുടർന്ന് സെക്യൂരിറ്റി മാനേജരുടെ പരാതിയെ തുടർന്ന് രാജസൻസി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. വിമാനം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ഇൻഡിഗോ എയർലൈൻസ് അസിസ്റ്റന്‍റ് സെക്യൂരിറ്റി മാനേജർ അജയ് കുമാറിന്‍റെ പരാതിയെ തുടർന്നായിരുന്നു പൊലീസ് നടപടി. പ്രതിക്കെതിരെ ഐപിസി 354, 509 വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്‌തിരുന്നു.
അതേസമയം വിമാനത്തില്‍ യാത്രക്കാരനും എയർ ഹോസ്റ്റസും തമ്മിലുള്ള തർക്കം ഇത് ആദ്യമല്ല. ഇത്തരത്തില്‍ കുറച്ച് നാളുകൾക്ക് മുൻപ് സമൂഹമാധ്യമങ്ങളില്‍ എയര്‍ ഹോസ്‌റ്റസും യാത്രക്കാരനും തമ്മിലുള്ള തര്‍ക്കം വൈറലായിരുന്നു. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഇസ്‌താംബുള്‍ - ഡല്‍ഹി വിമാനത്തിലെ യാത്രക്കാരനും എയര്‍ ഹോസ്‌റ്റസും തമ്മിലായിരുന്നു ഈ തര്‍ക്കമുണ്ടായത്. പരിമിതമായ ഭക്ഷണത്തെ ചൊല്ലിയായിരുന്നു തര്‍ക്കം.