ബെംഗളുരു: ഗ്രാമത്തിലേക്കുള്ള റോഡ് ടാർ ചെയ്യുന്നതു വരെ വിവാഹം കഴിക്കില്ല എന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതി രാംപുര ഗ്രാമ നിവാസിനി ബിന്ദു. മായകൊണ്ട ഹോബ്ലിയെ ദാവൻഗരെ-ചിത്രദുർഗ അതിർത്തിയുമായി ബന്ധിപ്പിക്കുന്ന ഗ്രാമമായ രാംപുരയിലാണ് ജനങ്ങൾ ടാർ ചെയ്യാത്ത റോഡില്ലാത്തതിനാൽ ബുദ്ധിമുട്ട് നേരിടുന്നത്.
40 കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിൽ റോഡുകൾ ടാർ ചെയ്യാത്തതിനാൽ ചെളി നിറഞ്ഞ റോഡിലൂടെയാണ് ജനങ്ങളുടെ സഞ്ചാരം. റോഡ് പ്രശ്നം കാരണം പുറത്തുള്ളവർ ആരും പെൺകുട്ടികളെ വിവാഹം ചെയ്ത് ഗ്രാമത്തിലേക്ക് അയക്കാനോ ഗ്രാമത്തിലെ പെൺകുട്ടികളെ വിവാഹം കഴിക്കാനോ തയാറാകാത്ത അവസ്ഥയാണ് നിലവിൽ.
റോഡില്ലാത്ത ഗ്രാമത്തിൽ ബസ് സർവീസും ഇല്ലാത്തതിനാൽ മിക്ക കുട്ടികളും വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ചു. വിദ്യാഭ്യാസം ഇപ്പോഴും തുടരുന്ന കുട്ടികൾ 7 കിലോമീറ്ററോളം നടന്നാണ് സ്‌കൂളിൽ പോകുന്നത്. റോഡ് പ്രശ്നം കാരണം മറ്റ് ഗ്രാമങ്ങളിലുള്ള ബന്ധുക്കൾ ഇവിടേക്ക് വരാൻ കൂട്ടാക്കുന്നില്ലെന്ന് ഗ്രാമവാസികൾ പറയുന്നു.
ഗ്രാമത്തിലെ ആളുകൾക്ക് റോഡ് ഇല്ലാത്തതിനാൽ അടിസ്ഥാന ആവശ്യങ്ങൾ പോലും ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ബിന്ദു മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയത്. തന്‍റെ ഗ്രാമത്തിലെ ജനങ്ങൾക്ക് സഞ്ചാര യോഗ്യമായ റോഡ് ലഭിക്കുന്നത് വരെ വിവാഹം കഴിക്കില്ലെന്ന് ബിന്ദു കത്തിൽ വ്യക്തമാക്കി.
Also Read: കെ.പി.സി.സി ഭാരവാഹികള്‍; നേതാക്കള്‍ക്കിടയില്‍ ധാരണയായി