ന്യൂഡല്‍ഹി:പ്രമുഖ ചൈനീസ് ടെലികോം കമ്പനിയായ ഹുവാവെയുടെ രാജ്യത്തെ വിവിധ ആസ്ഥാനങ്ങളില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. കമ്പനി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്‌ഡ് നടത്തിയതെന്ന് ആദയനികുതി വകുപ്പ് അറിയിച്ചു. ഹുവാവെയുടെ ഡല്‍ഹി, ഗുരുഗ്രാം, ബംഗളുരൂ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്‌ഡ് നടന്നത്.
റെയ്‌ഡിന്‍റെ ഭാഗമായി ചില രേഖകള്‍ പിടിച്ചെടുത്തു. ഹുവാവെയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തങ്ങളെ അറിയിച്ചിരുന്നെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ആദായനികുതി വകുപ്പ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ ലഭ്യമാക്കുമെന്നും കമ്പനി വ്യക്തമാക്കി.
സുരക്ഷ കാരണങ്ങള്‍ ചൂണ്ടികാട്ടി രാജ്യത്തെ 5ജി ട്രയലില്‍ ഹുവാവയെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതെസമയം മുന്‍കാല കരാറിന്‍റെ അടിസ്ഥാനത്തില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഹുവാവയില്‍ നിന്ന് 5ജി ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതിയുണ്ട്. എന്നാല്‍ ഹുവാവയുമായി പുതിയ കരാറുകള്‍ ഉണ്ടാക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി ആവശ്യമാണ്.