ബെംഗളൂരു: സംരക്ഷണം ആവശ്യപ്പെട്ട് അശ്‌ളീല വീഡിയോയിൽ ബിജെപി എംഎൽഎ രമേശ് ജാർക്കിഹോളിക്കൊപ്പം ഉണ്ടായിരുന്ന യുവതി. ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള യുവതിയുടെ വീഡിയോ പുറത്ത് വന്നിരുന്നു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു എംഎൽഎ രമേശ് ജാർക്കിഹോളിക്കെതിരെ ഉയർന്ന പരാതി.
ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായിയെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള വീഡിയോയിലാണ് തനിക്ക് സംരക്ഷണം വേണമെന്ന് യുവതി ആവശ്യപ്പെട്ടത്. തന്നെക്കുറിച്ച് അന്വേഷിക്കാൻ പ്രദേശവാസികൾ വീട്ടിൽ വരുന്നുണ്ടെന്നും ഇതിൽ മനംനൊന്ത് രക്ഷിതാക്കൾ രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ചതായും താൻ നാല് തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നും യുവതി വീഡിയോയിൽ പറയുന്നു. കൂടാതെ രമേശ് ജാർക്കി ഹോളി ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ദൃശ്യങ്ങൾ എങ്ങനെ പുറത്തായി എന്നതിനെക്കുറിച്ച് അറിയില്ലെന്നും യുവതി പറയുന്നു.
അതേസമയം, തന്നെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ ഗൂഡാലോചന നടക്കുന്നതായി ജാർക്കിഹോളി ആരോപിച്ചു. സംഭവം അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആറ് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്.
ഈ മാസം ആദ്യം നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് രമേഷ് ജാർക്കിഹോളിക്കെതിരായ സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി ലൈംഗിക പീഡന പരാതി നൽകിയത്. തുടർന്ന് ബിജെപി നേതാവ് രമേഷ് ജാർക്കിഹോളിയുമായുള്ള യുവതിയുടെ അശ്ളീല വീഡിയോ കന്നഡ വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തു. സംഭവം ഗൂഡാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ രമേഷ് ജാർക്കിഹോളി ആരോപണ വിധേയനായതിനെത്തുടർന്ന് മന്ത്രി സ്ഥാനം രാജി വെച്ചരുന്നു.
സംഭവത്തിൽ പരാതി നൽകിയ സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി പിന്നീട് പരാതി പിൻവലിച്ചിരുന്നു. വീഡിയോയുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപയുടെ ഇടപാടിനാണ് ശ്രമിച്ചതെന്ന എച്ച്ഡി കുമാരസ്വാമിയുടെ ആരോപണം വേദനിപ്പിച്ചെന്നും ഇതേത്തുടർന്നാണ് പരാതി പിൻവലിച്ചതെന്നും ദിനേഷ് കല്ലഹള്ളി പറഞ്ഞു. സംഭവം വിവാദമായതോടെ തനിക്കുനേരെ ഭീഷണിയുണ്ടെന്നും ദിനേഷ് പറഞ്ഞിരുന്നു.