ന്യൂഡല്‍ഹി : ഇന്ത്യയിലെ ഹൈപ്പർടെൻഷൻ രോഗികളിൽ നാലിലൊന്നില്‍ താഴെ ആളുകളില്‍ മാത്രമാണ് രക്തസമ്മര്‍ദം നിയന്ത്രിതമാകുന്നുള്ളൂവെന്ന് പഠനം. ഹൃദ്രോഗങ്ങള്‍ക്ക് ഏറ്റവുമധികം കാരണമാകുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ ഹൈപ്പർടെൻഷൻ. ന്യൂഡല്‍ഹിയിലെ നാഷണൽ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോളും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോസ്‌റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും മഞ്ചേരി മെഡിക്കല്‍ കോളജ്, പെരിന്തല്‍മണ്ണ, കിംസ് അല്‍ഷിഫ സ്‌പെഷ്യലാലിറ്റി ആശുപത്രി എന്നിവിടങ്ങളിലെ ഗവേഷകരുമായി ചേര്‍ന്ന് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ രക്തസമ്മര്‍ദ നിയന്ത്രിത നിരക്കിനെക്കുറിച്ച് 2001ന് ശേഷം പ്രസിദ്ധീകരിച്ച 51 പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഗവേഷണമെന്ന് ലാന്‍സെറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാമൂഹിക തലത്തില്‍ എത്രമാത്രം രക്തസമ്മര്‍ദം നിയന്ത്രിതമാണ് എന്നതിന്‍റെ ഒരു യഥാര്‍ഥ ചിത്രം ലഭിക്കാന്‍ നിരീക്ഷണ പഠനമാണ്(നോണ്‍ ഇന്‍റര്‍വെന്‍ഷണല്‍) ഗവേഷകര്‍ ആസൂത്രണം ചെയ്‌തത്. ഓരോ വര്‍ഷവും ആളുകളില്‍ രക്തസമ്മര്‍ദത്തില്‍ എങ്ങനെ മാറ്റം വരുന്നുവെന്നും അവര്‍ പരിശോധിച്ചു.
രക്തസമ്മര്‍ദം സ്‌ത്രീകളിലേക്കാള്‍ അധികം പുരുഷന്‍മാരില്‍ : ഗവേഷണത്തിലെ 21 പഠനങ്ങളില്‍, സ്‌ത്രീകളിലേക്കാള്‍ പുരുഷന്‍മാര്‍ക്ക് രക്തസമ്മര്‍ദത്തിന്‍റെ നിയന്ത്രിത തോത് കുറവായിരിക്കുമെന്ന് കണ്ടെത്തി. 2016 മുതല്‍ 2020 വരെ രക്തസമ്മര്‍ദ നിയന്ത്രിത തോതില്‍ 22.5 ശതമാനത്തിന്‍റെ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
തെക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് ഏറ്റവുമധികം നിയന്ത്രണം സാധ്യമായിട്ടുള്ളതെന്നും ഏറ്റവും കുറവ് നിയന്ത്രിത തോത് പുരുഷന്‍മാരിലാണെന്നുമാണ് പഠനം. ജീവിത ശൈലികളോ അല്ലെങ്കില്‍ സാമൂഹിക ഘടകങ്ങളോ ആവാം സമ്മര്‍ദത്തിന് കാരണമെന്ന് പഠനങ്ങള്‍ പറയുന്നു. 2016 മുതല്‍ 2020 വര്‍ഷം വരെ നാലില്‍ ഒരു ശതമാനത്തില്‍ താഴെയുള്ള രോഗികള്‍ക്ക് രക്തസമ്മര്‍ദം നിയന്ത്രിക്കുവാന്‍ സാധിച്ചു.