ഖഗാരിയ (ബിഹാര്‍) :ഭാര്യയെയും മക്കളെയും ഉള്‍പ്പടെ നാലുപേരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌ത് 40കാരന്‍. ഖഗാരിയ ജില്ലയിലെ മന്‍സി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഏകനിയ ഗ്രാമത്തിലാണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരണപ്പെട്ട ദാരുണസംഭവം. ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മുന്ന യാദവ് (40) ജീവനൊടുക്കുകയായിരുന്നു.
പൊലീസ് പറയുന്നതിങ്ങനെ :മുന്ന യാദവ് ഒരു കൊലക്കേസില്‍ പ്രതിയായിരുന്നു. ഈ കേസില്‍ ഏറെ നാളായി ഇയാള്‍ ഒളിവിലുമായിരുന്നു. അതിനിടെ കഴിഞ്ഞദിവസം രാത്രി വീട്ടിലെത്തിയ ഇയാള്‍ ചില കാര്യങ്ങളുടെ പേരില്‍ ഭാര്യയുമായി വഴക്കിട്ടു. ഇത് മൂര്‍ച്ഛിച്ചതോടെ ഇയാള്‍ ഭാര്യ പൂജ ദേവിയെയും (32) സുമൻ കുമാരി (18), അഞ്ചൽ കുമാരി (16), റോഷ്‌നി കുമാരി (15) എന്നീ പെണ്‍മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. വഴക്ക് കൊലപാതകത്തിലേക്ക് നീങ്ങിയപ്പോള്‍ ഇയാളുടെ രണ്ട് ആണ്‍മക്കള്‍ ഓടി രക്ഷപ്പെട്ടു.
കൊലപാതക വിവരം അറിഞ്ഞതോടെ മന്‍സി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു സംഘം സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഭഗൽപൂരിൽ നിന്ന് ഫോറൻസിക് സംഘമെത്തി തെളിവെടുപ്പ് നടത്തി. സംഭവം സമഗ്രമായി അന്വേഷിച്ച് വരികയാണെന്നും സദര്‍ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സുമിത് കുമാർ അറിയിച്ചു.
Also Read: ഭാര്യയെ ബന്ധുക്കള്‍ വിളിച്ചുകൊണ്ടുപോയി; തിരികെയെത്തിക്കാന്‍ വാട്ടര്‍ ടാങ്കില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്
അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ശരിവച്ച് കോടതി :പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ ഉള്‍പ്പടെ അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ കഴിഞ്ഞദിവസം കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. കേസില്‍ ധാർവാർഡ് കോടതിയുടെ ഡിവിഷൻ ബഞ്ചിന്‍റെ വധശിക്ഷയെന്ന വിധിയെയാണ് ഹൈക്കോടതി ശരിവച്ചത്. അത്യധികം ഗൗരവമുള്ള ക്രൂരകൃത്യമെന്നറിയിച്ചായിരുന്നു ജസ്‌റ്റിസ് സൂരജ് ഗോവിന്ദരാജ്, ജസ്‌റ്റിസ് ജി.ബസവരാജ എന്നിവരുടെ വിധി പ്രസ്‌താവന.
10 വയസിന് താഴെയുള്ള മൂന്ന് കുട്ടികളടക്കം അഞ്ച് മരണത്തിന് കാരണമായ കുറ്റകൃത്യത്തിന്‍റെ ഗൗരവം വളരെ വലുതാണ്. ഇതില്‍ വിചാരണ കോടതി പാസാക്കിയ വധശിക്ഷയുടെ ഉത്തരവ് ശരിവയ്‌ക്കുകയല്ലാതെ ഞങ്ങൾക്ക് മുന്നില്‍ മറ്റ് മാർഗങ്ങളില്ല. ഞങ്ങളുടെ അഭിപ്രായത്തിൽ വധശിക്ഷ വിധിക്കേണ്ട അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ പരിശോധനയ്ക്ക് ഈ കേസ് യോഗ്യമാണെന്ന് പ്രതിഭാഗവും സർക്കാരും സമർപ്പിച്ച രണ്ട് ഹർജികൾ തീർപ്പുകല്‍പ്പിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
കേസില്‍ 2022 നവംബര്‍ 22 ന് തന്നെ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും ഹര്‍ജികളില്‍ വിധി പറയുന്നത് മാറ്റിവയ്‌ക്കുകയായിരുന്നു. മാത്രമല്ല വധശിക്ഷ നൽകാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്ന എല്ലാ കേസുകളിലും പാലിക്കേണ്ട നിർദേശങ്ങളെന്ന് വ്യക്തമാക്കി കേസുമായി ബന്ധപ്പെട്ട ചില രേഖകളും റിപ്പോർട്ടുകളും ഉൾപ്പടെ നിരവധി വിവരങ്ങളും കോടതി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധിയെത്തുന്നത്.
സംഭവം ഇങ്ങനെ :2017 ഫെബ്രുവരി 25 നാണ് സംസ്ഥാനത്തെ നടുക്കിയ സംഭവം നടന്നത്. ബെല്ലാരി ഹൊസപേട്ടയിലെ കെഞ്ചനഗുഡ്ഡ ഹള്ളിയില്‍ താമസിക്കുന്ന തൊഴിലാളിയായ ബൈലുരു തിപ്പയ്യയും ഭാര്യയും തമ്മിലുള്ള വഴക്ക് കൊലപാതകങ്ങളില്‍ കലാശിക്കുകയായിരുന്നു. 12 വര്‍ഷത്തോളമായി ഭാര്യയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്, ഇയാള്‍ പക്കീരമ്മയെ വെട്ടുകത്തി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാനെത്തിയ ഭാര്യാസഹോദരി ഗംഗമ്മയെയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മക്കളായ പവിത്ര, നാഗരാജ്, രാജപ്പ എന്നിവരെയും ഇയാള്‍ ആക്രമിച്ചു. ഈ ആക്രമണത്തില്‍ അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.