കാണ്‍പൂർ (ഉത്തർ പ്രദേശ്) : ദുബായിൽ ഷോറും തുടങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് മലയാളിയായ ഭർത്താവ് തന്നെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി കാണ്‍പൂർ സ്വദേശിനിയായ ദന്ത ഡോക്‌ടറുടെ പരാതി. കാണ്‍പൂരിലെ റാവത്‌പൂർ സ്വദേശിനിയായ ഡോ സേവ സിദ്ദിഖിയാണ് ഭർത്താവും കേരള സ്വദേശിയുമായ സുലാൽ വഹീദ സലാഹിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കാണ്‍പൂരിലെ റാവത്‌പൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
2017 ഒക്‌ടോബർ 30 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ദുബായിൽ വർഷങ്ങളായി ബിസിനസ് ചെയ്‌ത് വരികയാണ് സുലാൽ. വിവാഹ ശേഷം ഭർത്താവും ഭർതൃവീട്ടുകാരും സ്‌ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഭീഷണി മുഴക്കിയിരുന്നതായി യുവതി പറയുന്നു. വിവാഹത്തിനായി 30 ലക്ഷത്തോളം രൂപ ചെലവാക്കിയെന്നും, എന്നാൽ ഇതിന് ശേഷം ദുബായിൽ ഷോറൂം തുറക്കാൻ സുലാൽ തന്നോട് 25 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം സുലാൽ ബിസിനസിനായി ദുബായിലേക്ക് പോയെന്നും ശേഷം മടങ്ങിവന്നിട്ടില്ലെന്നും സേവ പരാതിയിൽ പറയുന്നു. ഇതിനിടെ താൻ ഒരു പെണ്‍കുഞ്ഞിന് ജന്മം നൽകിയെന്നും കുഞ്ഞിനെക്കാണാൻ പോലും ഭർത്താവ് നാട്ടിലേക്ക് എത്തിയില്ലെന്നും ഇവർ പറയുന്നു. കുഞ്ഞ് ജനിച്ചതിന് പിന്നാലെ വീട്ടുചെലവിനുള്ള പണം നൽകുന്നത് സുലാൽ നിർത്തുകയായിരുന്നു. തുടർന്ന് സേവ ജീവനാംശത്തിനായി കോടതിയിൽ കേസ് ഫയൽ ചെയ്‌തു.
ഇതിൽ രോഷാകുലനായ സുലാൽ ജൂലൈ 23ന് ഫോണിൽ വിളിച്ച് കേസ് പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ മകളെ വളർത്താൻ പണം വേണമെന്നും മാസം ലക്ഷക്കണക്കിന് രൂപ വരുമാനമുണ്ടായിട്ടും പണം അയക്കാത്തതെന്താണെന്നും യുവതി ഇയാളോട് ചോദിച്ചു. ഇതിൽ പ്രകോപിതനായ സുലാൽ തന്നോട് മൂന്ന് തവണ ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.