ഭാര്യയെ യുവാവ് ഫ്ലാറ്റിന് തീയിട്ടു അഹമ്മദാബാദ്: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ഫ്ലാറ്റിന് തീയിട്ടു. അഹമ്മദാബാദിലെ ഗോദ്‌റെജ് ഗാര്‍ഡന്‍ സിറ്റിയിലാണ് സംഭവം. ഏദന്‍-V ബ്ലോക്കിലെ നാലാം നിലയിലുള്ള 405-ാം നമ്പര്‍ ഫ്ലാറ്റില്‍ താമസിച്ചിരുന്ന അനില്‍ ബാധേല്‍ ആണ് ഭാര്യ അനിതയെ കൊലപ്പെടുത്തി ഫ്ലാറ്റിന് തീയിട്ടത്.
പരിക്കേറ്റ അനിലിനെ സോള സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു സംഭവം. സ്വന്തമായി വീട് വാങ്ങുന്നതിനെ ചൊല്ലി അനിലും ഭാര്യയും തമ്മില്‍ വഴക്കുണ്ടാകാറുള്ളതായാണ് വിവരം. കുട്ടികളെ സ്‌കൂളില്‍ വിട്ടതിന് ശേഷം ഇന്ന് രാവിലെയും ഇരുവരും വഴക്കിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് അനില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഫ്ലാറ്റിന് തീയിട്ടത്. ഫ്ലാറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ ദര്‍ശന്‍ഭായ് ഉടന്‍ ഫ്ലാറ്റിനുള്ളില്‍ സ്ഥാപിച്ച ഫയര്‍ സേഫ്‌റ്റി ഉപകരണങ്ങള്‍ കൊണ്ട് തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും പടര്‍ന്നു പിടിച്ച തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല.
പിന്നീട് അഗ്‌നി ശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. 12 വാഹനങ്ങളിലായി എത്തിയ സേനാംഗങ്ങള്‍ ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഫ്ലാറ്റിനുള്ളില്‍ നിന്ന് അനിതയുടെ മൃതദേഹവും പരിക്കേറ്റ നിലയില്‍ അനിലിനെയും കണ്ടെത്തി.
അനിലിന്‍റെ ശരീരത്തിലും കുത്തേറ്റ മുറിവുകള്‍ ഉണ്ട്. കഴിഞ്ഞ ഏഴുവര്‍ഷമായി അനിലും കുടുംബവും ഈ ഫ്ലാറ്റിലാണ് താമസിക്കുന്നത്. കെമിക്കല്‍ ഫാക്‌ടറി ജീവനക്കാരനാണ് അനില്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.