ഖമ്മം (തെലങ്കാന):ഭാര്യയെ രക്ഷിക്കാനായി കിണറ്റില്‍ ചാടിയ ഭര്‍ത്താവും ഭര്‍ത്താവിന്‍റെ സുഹൃത്തും മരിച്ചു. ഖമ്മം ജില്ലയിലെ നെലകൊണ്ടപ്പള്ളി മണ്ഡലത്തിൽ ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. വീട്ടിലെ വഴക്കിനെ തുടര്‍ന്നായിരുന്നു സംഭവങ്ങളത്രയും അരങ്ങേറിയത്.
സംഭവം ഇങ്ങനെ: അപ്പലനരസിംഹപുരം ഗ്രാമത്തിൽ താമസിക്കുന്ന ദമ്പതികളായ കർണപുടി നാഗരാജുവും രമണയും തമ്മില്‍ കഴിഞ്ഞദിവസം വീട്ടുകാര്യങ്ങളെ ചൊല്ലി വഴക്കായി. വഴക്ക് പരിധി വിട്ടപ്പോള്‍ രമണ ഭര്‍ത്താവിനോട് താന്‍ വീടുവിട്ട് പോവുകയാണെന്നും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കി. അധികം വൈകാതെ വഴക്ക് മാറ്റിവച്ച ഭാര്യ മടങ്ങി വീട്ടിനകത്തേക്ക് വരുമെന്ന് ചിന്തിച്ച് നാഗരാജു ഈ സമയം വീടിന് അകത്തുതന്നെ ഇരിക്കുകയായിരുന്നു. ഈ സമയം രമണ വീടുവിട്ട് ഇറങ്ങിയിരുന്നു.
അനാവശ്യ ചിന്ത കിണറ്റില്‍ ചാടിച്ചു:എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും ഭാര്യയുടെ മടങ്ങിവരവ് കാണാതെ വന്നതോടെ നാഗരാജു ഭയപ്പെട്ടു. മുമ്പ് ഭീഷണി മുഴക്കിയത് പോലെ ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചതാവാം എന്നു കരുതി അദ്ദേഹം കിണറ്റിന് സമീപത്തേക്ക് നീങ്ങി. പിന്നീട് സ്വയം നീന്തല്‍ അറിയില്ലെങ്കിലും ഭാര്യയെ രക്ഷിക്കണമെന്ന ഒറ്റ ചിന്തയോടെ ഇയാള്‍ കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് സമീപത്തുണ്ടായിരുന്ന നാഗരാജുവിന്‍റെ സുഹൃത്ത് യന്ത്രാതി ജോജിയും മിഴിച്ചുനില്‍ക്കുകയായിരുന്നു. തന്‍റെ സുഹൃത്ത് നാഗരാജുവിന് നീന്തല്‍ വശമില്ലെന്ന് അറിയാവുന്ന ജോജി അയാളെ രക്ഷിക്കുന്നതിനായി പിന്നാലെ കിണറ്റിലേക്ക് എടുത്തുചാടി. എന്നാല്‍ ഇടുങ്ങിയ കിണറ്റിനകത്ത് ശ്വാസം വിടാന്‍ കഴിയാതെ വന്നതോടെ നാഗരാജുവും ജോജിയും വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു.