ഭുവനേശ്വർ :വീട്ടിൽ ഇത്തവണ എത്തിയ കറന്‍റ് ബില്‍ കോടികളാണെന്ന് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഭുവനേശ്വർ സ്വദേശിദുർഗ പ്രസാദ് പട്‌നായിക്. പതിനായിരമോ ലക്ഷമോ ഒന്നുമല്ല, 8 കോടിയോളം രൂപയുടേതാണ് ബില്‍. എന്നാല്‍ തന്‍റെ അറിവില്‍ ഇതിനുമാത്രം വൈദ്യത ഉപഭോഗം ഉണ്ടായിട്ടില്ലെന്നാണ് ഇയാള്‍ പറയുന്നത്.
7,90,35,456 രൂപയാണ് ഏപ്രിൽ മാസം ദുർഗ പ്രസാദിന്‍റെ വീട്ടിലെ കറന്‍റ് ബില്‍. ഭുവനേശ്വറിൽ നിലാദ്രി വിഹാർ പ്രദേശത്ത് വാടകയ്‌ക്ക് താമസിക്കുകയാണ് ദുർഗ പ്രസാദ്. മാർച്ച് മാസത്തിൽ സ്‌മാർട്ട് മീറ്റർ സ്ഥാപിച്ചതിന് ശേഷമാണ് തനിക്ക് വൈദ്യുതി ബിൽ ഇത്രയും കൂടുതൽ വന്നതെന്നാണ് ദുർഗയുടെ ആരോപണം.
സാധാരണയായി, ഒരു മാസത്തിൽ വീട്ടുപകരണങ്ങൾ എല്ലാം ഉപയോഗിച്ചാലും 700 മുതൽ 1500 രൂപ വരെയാണ് ബില്‍ വരാറുള്ളത്. എന്നാൽ, ഒരു സ്‌മാർട്ട് മീറ്റർ സ്ഥാപിച്ച ശേഷമാണ് ഇത്രയും വലിയ തുക ബില്ലായി വന്നത്. എല്ലാ മാസത്തേയും പോലെ ഓൺലൈനിൽ അടയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇത്രയും വലിയ തുക ശ്രദ്ധയില്‍പ്പെടുന്നത്. സാങ്കേതിക പിഴവാണെന്നാണ് ആദ്യം സംശയിച്ചത്. തുടർന്ന് വിഷയത്തെ കുറിച്ച് ട്വീറ്റിൽ കുറിക്കുകയും വൈദ്യുതി വകുപ്പിന് ഓൺലൈനിൽ പരാതി നൽകുകയും ചെയ്‌തുവെന്ന് ദുർഗ പ്രസാദ് പറയുന്നു.
എന്നാൽ ഇതുവരെ വൈദ്യുതി വകുപ്പിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല. വൈദ്യുതി വകുപ്പ് സ്‌മാർട്ട് മീറ്റർ എന്ന പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് ആളുകളെ ബോധവത്ക്കരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു. അതിന്‍റെ ഉപയോഗത്തെ കുറിച്ച് വ്യക്തമായ ധാരണ ആളുകൾക്ക് ലഭിക്കുന്ന തരത്തിലുള്ള വീഡിയോകൾ പുറത്തിറക്കണം. അങ്ങനെ വരുമ്പോള്‍ ആളുകൾ വഞ്ചിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യവും സുതാര്യവുമായ സേവനം ലഭ്യമാക്കണമെന്നും ദുർഗ പ്രസാദ് അഭ്യർഥിച്ചു.
2022ൽ തെലങ്കാനയിലും സമാന സംഭവം : തെലങ്കാനയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സമാന സംഭവം ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപയ്ക്കടുത്താണ് ബില്‍ വന്നത്. തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ രണ്ട് വീടുകളിലാണ് വലിയ തുകയുടെ ബില്‍ വന്നത്.