അബുദാബി : അബുദാബിയില്‍ ശനിയാഴ്‌ച നടന്ന 2023 ഐഐഎഫ്‌എ അവാര്‍ഡ്‌സില്‍ (ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്‌സ്) മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍. സെയ്‌ഫ് അലി ഖാനും കേന്ദ്ര കഥാപാത്രത്തിലെത്തിയ 'വിക്രം വേദ'യില്‍ ആക്ഷന്‍ പാക്ക് പെര്‍ഫോമന്‍സ് കാഴ്‌ചവച്ചതിനാണ് ഹൃത്വിക്കിന് പുരസ്‌കാരം.അവാര്‍ഡ് ഏറ്റുവാങ്ങുന്ന ഹൃത്വിക്കിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
മികച്ച നടനുള്ള ഐഐഎഫ്എ പുരസ്‌കാരം ഏറ്റുവാങ്ങി ഹൃത്വിക് സന്തോഷം പങ്കിട്ടു. 'വര്‍ഷങ്ങളായി ഞാൻ വേദയ്‌ക്കൊപ്പമാണ് ജീവിക്കുന്നത്. അത് ഇവിടെ അബുദാബിയിൽ വച്ചാണ് ആരംഭിച്ചത്. ഇവിടെയാണ് വേദയായുള്ള എന്‍റെ ആദ്യ ഷോട്ട് ഞാന്‍ നൽകിയത്.
ജീവിതം എന്നിലേക്ക് പൂർണമായി എത്തിയത് പോലെ തോന്നുന്നു. എനിക്കറിയാത്ത എന്‍റെ ഉള്ളിലെ ഭ്രാന്തിനെ ഇല്ലാതാക്കാന്‍ വിക്രം വേദ എന്നെ സഹായിച്ചു. ആ ഭ്രാന്തിനെ കണ്ടെത്താൻ എന്നെ സഹായിച്ചതിനും ആ ഭ്രാന്തിനെ പിടിച്ചുനിർത്താനുള്ള ശക്തി നല്‍കിയതിനും പ്രപഞ്ചത്തിനും വേദയ്‌ക്കും നന്ദി.
എനിക്ക് നിങ്ങളെ ഇഷ്‌ടമാണ് സുഹൃത്തുക്കളെ, ഞാൻ നിങ്ങളെ ഒരിക്കലും നിസ്സാരമായി കാണില്ല' - ഹൃത്വിക് റോഷന്‍ പറഞ്ഞു.ആർ മാധവന്‍, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ തമിഴ് സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. തമിഴില്‍ 'വിക്രം വേദ' എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രം അതേ പേരില്‍ തന്നെയാണ് ഹിന്ദിയിലും റിലീസിനെത്തിയത്.
ട്വിസ്‌റ്റുകളാല്‍ നിറഞ്ഞ ഒരു കഥയാണ് 'വിക്രം വേദ'യുടേത്. ഗാംഗ്‌സ്‌റ്ററായി (വേദ) ഹൃത്വിക് റോഷനും കര്‍ക്കശക്കാരനായ പൊലീസുകാരനായി (വിക്രം) സെയ്‌ഫ് അലി ഖാനുമാണ് വേഷമിട്ടത്. ഇരുവരും തമ്മിലുള്ള വേട്ടയാണ് ചിത്രപശ്ചാത്തലം.
Also Read:ടൊവിനോ തോമസിന്‍റെ പാന്‍ ഇന്ത്യന്‍ സിനിമ; 'അജയന്‍റെ രണ്ടാം മോഷണം' ടീസര്‍ റിലീസ് ചെയ്യുന്നത് ഹൃത്വിക് റോഷന്‍
വിക്രം വേദയുടെ തമിഴ് പതിപ്പ് സംവിധാനം ചെയ്‌ത പുഷ്‌കറും ഗായത്രിയും ചേര്‍ന്നാണ് സിനിമയുടെ ഹിന്ദി റീമേക്കും സംവിധാനം ചെയ്‌തിരിക്കുന്നത്. പുരസ്‌കാരം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ പുഷ്‌കറിനും ഗായത്രിക്കും ഹൃത്വിക് റോഷന്‍ നന്ദി രേഖപ്പെടുത്തിയിരുന്നു.
ഫൈറ്റര്‍ ആണ് ഹൃത്വിക് റോഷന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വ്യത്യസ്‌ത ഗെറ്റപ്പിലാകും ഫൈറ്ററില്‍ താരം വേഷമിടുക. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ ഹൃത്വിക്കിന്‍റെ നായികയായെത്തുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച യുദ്ധ വിമാന പൈലറ്റാകാന്‍ തയ്യാറെടുക്കുന്ന കഥാപാത്രത്തെയാണ് ഫൈറ്ററില്‍ ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുന്നത്. ഷംഷേർ പതാനിയ എന്ന പാറ്റി എന്ന കഥാപാത്രത്തിന്‍റെ യാത്രയാണ് 'ഫൈറ്റർ' രേഖപ്പെടുത്തുന്നത്. സിനിമയില്‍ ദീപികയും ഒരു യുദ്ധവിമാന പൈലറ്റായാണ് വേഷമിടുക.
'ഫൈറ്ററി'ല്‍ നായകന്‍റെ ഉയർച്ചയുടെ അവിഭാജ്യഘടകമായാണ് ദീപികയുടെ കഥാപാത്രം കണക്കാക്കപ്പെടുന്നത്. സിനിമയ്‌ക്കായി ഹൃത്വിക് കഠിനമായി പരിശ്രമിച്ചിരുന്നു. ഫിസിക് ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌പെഷ്യലിസ്‌റ്റായ പ്രശസ്‌ത സെലിബ്രിറ്റി പരിശീലകന്‍ ക്രിസ് ഗെതിന്‍ ആയിരുന്നു താരത്തിന്‍റെ ഫിറ്റ്‌നസ് പരിശീലകന്‍. സിനിമയിലെ കഥാപാത്രത്തിന് ആവശ്യമായ രൂപാന്തരത്തിനായി പരിശീലകനൊപ്പം ജിമ്മില്‍ ഹൃത്വിക് കഠിനമായ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു.
Also Read:ഹൃത്വിക് - ദീപിക വൈകാരിക രംഗങ്ങള്‍ സ്‌റ്റുഡിയോയില്‍; ഫൈറ്റര്‍ ഫോട്ടോ ലീക്ക് ഒഴിവാക്കാന്‍ താരങ്ങള്‍
ഇന്ത്യയിലെ ആദ്യ ഏരിയല്‍ ആക്ഷന്‍ ചിത്രമെന്ന പ്രത്യേകതയോടുകൂടിയാണ് 'ഫൈറ്റര്‍' തിയേറ്ററുകളില്‍ എത്തുക. 2024 ജനുവരി 25നാണ് 'ഫൈറ്റര്‍' റിലീസ് ചെയ്യുക.ഇതുകൂടാതെ വാര്‍ 2 എന്ന ചിത്രവും താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജൂനിയര്‍ എന്‍ടിആറും സിനിമയില്‍ വേഷമിടും.