ചെന്നൈ : തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ സംഭവബഹുല ദിനമായിരുന്നു തിങ്കളാഴ്‌ച. എ.ഐ.എ.ഡി.എം.കെ നേതാക്കളായ ഒ പനീര്‍സെല്‍വത്തിന്‍റെയും (ഒ.പി.എസ്) എടപ്പാടി പളനിസ്വാമിയുടെയും (ഇ.പി.എസ്) പക്ഷങ്ങള്‍ തമ്മില്‍ പരസ്യ ഏറ്റുമുട്ടലുണ്ടായതോടെയാണ് തമിഴ് രാഷ്‌ട്രീയം കലങ്ങിമറിഞ്ഞത്. പിന്നാലെ, 2,500 പേര്‍ പങ്കെടുത്ത ജനറല്‍ കൗണ്‍സില്‍ യോഗം എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതോടെ, സംസ്ഥാന പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയില്‍ നിന്നും ഒ.പി.എസ് പുറത്താക്കപ്പെടുകയും ഭാവിയെന്തെന്ന ചോദ്യമുയരുകയും ചെയ്‌തു.
പളനിസ്വാമി പക്ഷം വിളിച്ച ജനറല്‍ കൗണ്‍സില്‍ യോഗത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഒ പനീര്‍സെല്‍വം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന്, അദ്ദേഹം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഈ ആവശ്യം തള്ളിയ വിധി, ജൂലൈ 11 ന് രാവിലെ ഒന്‍പത് മണിക്കുണ്ടായി. ഇതോടെയാണ് ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നതും തുടര്‍ന്ന് പളനിസ്വാമിയെ 'ഏക നേതൃപദവി'യിലേക്ക് തെരഞ്ഞെടുത്തതും. യോഗത്തിന് മുന്‍പ് തന്നെ ഇരുവിഭാഗങ്ങളും തമ്മില്‍ പാര്‍ട്ടി ആസ്ഥാനത്ത് ഏറ്റുമുട്ടിയത് എ.ഐ.എ.ഡി.എം.കെയ്‌ക്ക് വലിയ നാണക്കേടുണ്ടാക്കി.
'ഒ.പി.എസ് സ്വാർഥന്‍, ഡി.എം.കെയുടെ ചങ്ങാതി' :പളനിസ്വാമി സംഘടനയെ കൈപ്പിടിയിലാക്കിയതോടെ പനീർസെൽവവും അദ്ദേഹത്തിന്‍റെ ഉറ്റ അനുയായികളും ഒറ്റപ്പെട്ട നിലയിലാണ്. 68 കാരനായ എടപ്പാടി പളനിസ്വാമി, പനീർസെൽവത്തിനെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഒ.പി.എസ് സ്വാർഥനാണ്, ഭരണകക്ഷിയായ ഡി.എം.കെയുമായി ചേർന്ന് എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്ത് ആക്രമണം അഴിച്ചുവിട്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, പ്രതിപക്ഷ പാർട്ടിയുടെ കാര്യങ്ങളില്‍ തങ്ങൾക്ക് ബന്ധമില്ലെന്ന് പറഞ്ഞ് ഡി.എം.കെ തടിതപ്പി. നേരത്തേ ഒ.പി.എസും ഇ.പി.എസും വഹിച്ച കോ-ഓർഡിനേറ്റർ, ജോയിന്‍റ് കോ-ഓർഡിനേറ്റർ എന്നീ നേതൃപദവികള്‍ ജനറൽ കൗൺസിൽ യോഗം എടുത്തുകളഞ്ഞു. ഇതോടെയാണ് പാര്‍ട്ടി പൂര്‍ണമായും പുതിയ ഇടക്കാല ജനറല്‍ സെക്രട്ടറിയുടെ നിയന്ത്രണത്തിലായത്.