പണരഹിത ഡിജിറ്റൽ ഇടപാടുകളുടെ ഈ കാലത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരികയാണ്. ക്രെഡിറ്റ് കാർഡ് എന്നത് എടിഎം കാർഡ് പോലെ പണമിടപാടുകൾ മാത്രം നടത്താനുള്ളവയല്ല. ക്രെഡിറ്റ് കാർഡിലൂടെ റിവാർഡ് പോയിന്‍റുകൾ, കാഷ് ബാക്കുകൾ, ഡിസ്‌കൗണ്ടുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഈ പശ്ചാത്തലത്തിൽ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുമ്പോൾ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാവ ഏത് എന്ന് തീരുമാനിക്കേണ്ടത് പ്രധാനമാണ്.
വരുമാനവും ക്രെഡിറ്റ് സ്‌കോറും അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തിക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത്. കാർഡിന് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ യോഗ്യതയെ അടിസ്ഥാനമാക്കി കാർഡിന്‍റെ തുക പരിശോധിക്കുക. ഉയർന്ന തുകയുള്ള കാർഡിനായാണ് നിങ്ങൾ അപേക്ഷിക്കുന്നതെങ്കിൽ ഒരു പക്ഷേ അത് നിരസിക്കപ്പെട്ടേക്കാം. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കുന്നു.
ക്രെഡിറ്റ് കാർഡ് എങ്ങനെ ഉപയോഗിക്കാം?ഒരു കാർഡ് തെരഞ്ഞെടുക്കുമ്പോൾ നിങ്ങൾ കാർഡ് എങ്ങനെ ഉപയോഗിക്കും എന്നത് വളരെ നിർണായകമാണ്. ഉദാഹരണത്തിന്, നിങ്ങൾ ഇരുചക്രവാഹനം കൂടുതലായി ഉപയോഗിക്കുന്നുണ്ടെങ്കിൽ പെട്രോളിലും ഉയർന്ന റിവാർഡ് പോയിന്‍റുകളിലും കാഷ് ബാക്ക് വാഗ്‌ദാനം ചെയ്യുന്ന ഒരു കാർഡ് തെരഞ്ഞെടുക്കാൻ ശ്രമിക്കുക.
ഓൺലൈനിൽ ധാരാളം ഷോപ്പിങ് നടത്തുന്നവർ ഷോപ്പിങ് വെബ്‌സൈറ്റുകളിലും ബ്രാൻഡുകളിലും ഡിസ്‌കൗണ്ട് നൽകുന്ന ഒരു കാർഡ് തെരഞ്ഞെടുക്കുന്നതാകും കൂടുതൽ പ്രയോജനം. കാഷ്ബാക്കും ഡിസ്‌കൗണ്ടുകളും പോലെയുള്ള ആനുകൂല്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ കാർഡ് നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവം വായിക്കുക. അതിനുശേഷം മാത്രമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്‌ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ കാർഡ് ഉപയോഗിക്കാവൂ.