ലോകത്ത് പണമിടപാടിന്‍റെ ഏറ്റവും പ്രധാന മാര്‍ഗമായി (Digital Money Transaction) ഡിജിറ്റൽ പേയ്‌മെന്‍റ് രീതി മാറിക്കഴിഞ്ഞു. സുരക്ഷിതവും സൗകര്യപ്രദവുമായ ഏത് സാഹചര്യത്തിലും നിമിഷ നേരം കൊണ്ട് ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്യാമെന്നതാണ് ഡിജിറ്റല്‍ പേയ്‌മെന്‍റിന്‍റെ (Digital Payment) കുതിച്ച് ചാട്ടത്തിന് പിന്നിലെ പ്രധാന കാരണം. അതുകൊണ്ടുതന്നെ പണമിടപാട് നടത്തുന്ന സമയത്ത് അശ്രദ്ധ മൂലമോ സാങ്കേതിക തകരാർ മൂലമോ പണം നഷ്‌ടപ്പെടാനുള്ള സാധ്യതയും കുറവല്ല.
തെറ്റായ അക്കൗണ്ടുകളിലേക്ക് (Wrong Payment) നിക്ഷേപിക്കപ്പെടുന്നതും, ട്രാൻസാക്ഷൻ സമയത്ത് നെറ്റ്‌വർക്ക് പ്രശ്‌നം നേരിടുന്നതും കൊണ്ട് പണം നഷ്ടമാകുന്നത് ഇപ്പോള്‍ സാധാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ നഷ്‌ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ ചില വഴികളുണ്ട്.
തെറ്റായ അക്കൗണ്ടിലേക്ക് പണം ട്രാൻസ്‌ഫർ ആയാൽ ചെയ്യേണ്ടതെന്തെല്ലാം...
കസ്റ്റമർ കെയറുമായി ബന്ധപ്പെടുക (Contact Customer Care) : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച് നിങ്ങൾ ഉപയോഗിക്കുന്ന പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ (Google Pay, Paytm, PhonePe Etc) കസ്റ്റമർ കെയറിലേക്ക് ആദ്യം ബന്ധപ്പെടുക. എല്ലാ ഇടപാട് വിശദാംശങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് പരാതി നൽകുക. ഇടപാട് നടന്ന് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ പരാതി നൽകിയാൽ നഷ്‌ടപ്പെട്ട തുക തിരികെ കിട്ടും.
ബാങ്കിൽ പരാതി നൽകുക (File a complaint with the bank) : പണം നഷ്‌ടപ്പെട്ട നിങ്ങളുടെ പ്രസ്‌തുത ബാങ്കിൽ പരാതി നൽകുക. തെറ്റായി നടന്ന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങളും ബാങ്കിന് കൈമാറണം. പണം നഷ്‌ടപ്പെട്ട് ഉടൻ തന്നെ പരാതി നൽകിയാൽ 48 മണിക്കൂറിനുള്ളിൽ തുക തിരികെ ലഭിക്കുമെന്നാണ് ആർബിഐ വ്യവസ്ഥ.
റിസർവ് ബാങ്കിന്‍റെ ഓംബുഡ്‌സ്‌മാന് പരാതി നൽകുക : യുപിഐ (UPI) വഴി തെറ്റായ ഒരു പേയ്‌മെന്‍റ് നടന്നാൽ ആദ്യം തന്നെ 18001201740 എന്ന നമ്പറിൽ വിളിക്കുകയും പരാതി നൽകുകയും ചെയ്യുക. ശേഷം നിങ്ങളുടെ ബാങ്ക് സന്ദർശിച്ച് ബന്ധപ്പെട്ട കേസിൽ പരാതി നൽകുക. ഏതെങ്കിലും സാഹചര്യത്തിൽ ബാങ്ക് നിങ്ങളെ സഹായിക്കാൻ വിസമ്മതിച്ചാൽ bankingombudsman.rbi.org.in വഴി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓംബുഡ്‌സ്‌മാന് (Ombudsman of the Reserve Bank of India) പരാതി നൽകാവുന്നതാണ്.
ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിക്കുക (Keep Transaction Details): തെറ്റായ ഇടപാടിലൂടെ പണം നഷ്‌ടപ്പെട്ടാൽ അതുമായി ബന്ധപ്പെട്ട മെസേജുകൾ ഉൾപ്പടെയുള്ള എല്ലാ വിവരങ്ങളും സൂക്ഷിക്കുക. ഇത് പരാതി നൽകുന്ന സമയത്ത് വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ നാഷണൽ പേയ്‌മെന്‍റ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (National Payments Corporation of India) വെബ്‌സൈറ്റിൽ ഇടപാടിനെ സംബന്ധിച്ച് പരാതി നൽകാം.
ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. പണം ട്രാൻസ്‌ഫർ ചെയ്യുന്ന യുപിഐ അല്ലെങ്കിൽ അക്കൗണ്ട് കൃത്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.