ഹിന്ദു ദത്തെടുക്കല്‍ പരിപാലന നിയമം(HAMA), ബാലാവകാശ നിയമം(JJ Act) എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ദത്തെടുക്കല്‍ പ്രധാനമായും നിയന്ത്രിക്കപ്പെട്ടിരിക്കുന്നത്. ഹിന്ദു, ജൈന, ബുദ്ധ, സിഖ് മതവിഭാഗങ്ങള്‍ക്ക് ഹിന്ദു ദത്തെടുക്കല്‍ പരിപാലന നിയമവും മറ്റ് മതവിഭാഗങ്ങള്‍ക്ക് ബാലാവകാശ നിയമവുമാണ് ബാധകം. 2015ല്‍ കേന്ദ്രസര്‍ക്കാര്‍ രൂപികരിച്ച ദത്തെടുക്കല്‍ വിവരശേഖരണ അതോറിറ്റി(CARA) ഇന്ത്യയിലെ ദത്തെടുക്കല്‍ പ്രക്രിയ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കി.
ദത്തെടുക്കാനുള്ള കുട്ടികളുടെയും ദത്തെടുക്കാന്‍ അപേക്ഷിച്ച മതാപിതാക്കളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രീകൃത ഡിജിറ്റല്‍ ഡാറ്റബേസാണ് സിഎആര്‍എ. സിഎആര്‍എ കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ്. രാജ്യത്തിന് പുറത്തുനിന്ന് ഇന്ത്യയിലെ കുട്ടികളെ ദത്തെടുക്കുന്നതും, രാജ്യത്തിനകത്ത് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തക്ക് കുട്ടികളെ ദത്തെടുക്കുന്നതും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് സിഎആര്‍എ ആണ്.
1993ലെ രാജ്യാന്തര ദത്തെടുക്കല്‍ സംബന്ധിച്ച ഹേഗ് കണ്‍വെന്‍ഷന്‍റെ അടിസ്ഥാനത്തിലാണ് സിഎആര്‍എ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് ഇന്ത്യയിലെ കുട്ടികളെ ദത്തെടുക്കുന്നത് നിയന്ത്രിക്കുന്നത്. ഹേഗ് കണ്‍വെന്‍ഷന് ഇന്ത്യ 2003ലാണ് നിയമപ്രാബല്യം നല്‍കുന്നത്. ഇന്ത്യയില്‍ വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്നവര്‍ക്ക് (live-in relationship ) ദത്തെടുക്കാന്‍ 2018ല്‍ സിഎആര്‍എ അനുമതി നല്‍കി. എന്നാല്‍ ഇങ്ങനെ വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഇന്ത്യയിലെ കുട്ടികളെ ദത്തെടുക്കാന്‍ അനുമതിയില്ല. ദത്തെടുക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ സ്ഥാപനങ്ങളടക്കം സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെ സംബന്ധിച്ച് സിഎആര്‍എയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.
ദത്തെടുക്കാന്‍ അര്‍ഹരായവര്‍ ആരൊക്കെ?
ദത്തെടുക്കുന്നവര്‍ക്ക് ശാരീരികമായും, മാനസികമായും, വൈകാരികമായും അസ്ഥിരത ഉണ്ടാവാന്‍ പാടില്ല. സാമ്പത്തികമായി കുട്ടിയെ സംരക്ഷിക്കാന്‍ കഴിവുണ്ടായിരിക്കണം. മാരകമായ രോഗങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.
കുട്ടികള്‍ ഉള്ള ദമ്പതികളും ദത്തെടുക്കാന്‍ അര്‍ഹരാണ്. അവിവാഹിതരോ അല്ലെങ്കില്‍ വിവാഹ ബന്ധം ഉപേക്ഷിച്ചവരോ ആയ സ്ത്രീകള്‍ക്ക് ഏത് ലിംഗത്തില്‍പെട്ട കുട്ടികളെയും ദത്തെടുക്കാം. അവിവാഹിതനായ പുരുഷന്‍ ദത്തെടുക്കുന്നതിന് അര്‍ഹനല്ല.
ദമ്പതിമാര്‍ ദത്തെടുക്കുമ്പോള്‍ ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും സമ്മതം ആവശ്യമാണ്. ഏതെങ്കിലും ഒരാളുടെ താത്പര്യത്തിന്‍റെ അടിസ്ഥാനത്തില്‍ ദത്തെടുക്കാന്‍ സാധിക്കില്ല. കുറഞ്ഞത് രണ്ട് വര്‍ഷത്തെയെങ്കിലും സ്ഥിരതയാര്‍ന്ന ദാമ്പത്യ ബന്ധമുള്ള ദമ്പതിമാര്‍ക്കെ ദത്തെടുക്കാന്‍ അനുമതിയുള്ളൂ.
ദത്തെടുക്കപ്പെടുന്ന കുട്ടിയുടെ വയസും ദമ്പതിമാരില്‍ ആരുടെയെങ്കിലും ഒരാളുടെ വയസും തമ്മിലുള്ള വ്യത്യാസം 25 വയസില്‍ കുറയാന്‍ പാടില്ല. ദത്തെടുക്കാന്‍ താത്പര്യം കാണിച്ച് രജിസ്റ്റര്‍ചെയ്യുന്ന സമയത്തെ വയസാണ് ഇതിനായി പരിഗണിക്കുക. കുടുംബബന്ധമുള്ളവരെ ദത്തെടുക്കുമ്പോള്‍ പ്രായത്തിന്‍റെ മാനദണ്ഡം ഒഴിവാക്കും.
മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ദത്തെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ കുടുംബത്തില്‍ നിന്ന് തന്നെ ദത്തെടുക്കുമ്പോഴോ നിയമത്തില്‍ തന്നെ പറഞ്ഞിരിക്കുന്ന പ്രകാരം ശാരീരക വൈകല്യമുള്ള കുട്ടികളെ ദത്തെടുക്കുമ്പോഴോ ഈ വിലക്ക് ബാധകമല്ല.