കേരളം

kerala

'സംവരണം മുതല്‍ വാഗ്‌ദാനങ്ങള്‍ വരെ'; കന്നട പിടിക്കാന്‍ സമുദായങ്ങളെ കൂടെക്കൂട്ടി പാര്‍ട്ടികള്‍, കര്‍ണാടകയില്‍ സംഭവിക്കുന്നതെന്ത്?

By

Published : Apr 7, 2023, 8:18 PM IST

രാജ്യമൊട്ടാകെ ഇമവെട്ടാതെ കാത്തിരിക്കുന്ന കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പിലെ താരങ്ങള്‍ സാമുദായിക വോട്ടുകള്‍, യഥാര്‍ത്ഥത്തില്‍ കര്‍ണാടകയില്‍ സംഭവിക്കുന്നതെന്താണ്?

How Community votes works in Election  How Community votes works  Community votes  Karnataka Assembly Election  Political Parties  Community Votes into ballot  Karnataka Assembly  Karnataka  സംവരണം മുതല്‍ വാഗ്‌ദാനങ്ങള്‍ വരെ  കന്നട പിടിക്കാന്‍  സാമുദായങ്ങളെ കൂടെക്കൂട്ടി പാര്‍ട്ടികള്‍  കര്‍ണാടകയില്‍ സംഭവിക്കുന്നതെന്ത്  കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പ്  കര്‍ണാടക  അസംബ്ലി തെരഞ്ഞെടുപ്പ്  വോട്ടുകള്‍  സാമുദായിക വോട്ടുകള്‍  ലിംഗായത്ത്  വൊക്കലിഗ  കോണ്‍ഗ്രസ്  ബിജെപി  തെരഞ്ഞെടുപ്പ്  ജെഡിഎസ്
കന്നട പിടിക്കാന്‍ സാമുദായങ്ങളെ കൂടെക്കൂട്ടി പാര്‍ട്ടികള്‍, കര്‍ണാടകയില്‍ സംഭവിക്കുന്നതെന്ത്?

ബെംഗളൂരു (കര്‍ണാടക): സാധാരണക്കാരന്‍റെയും നിഷ്‌പക്ഷരുടെയും വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി മാറുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൃത്യമായി പെട്ടിയില്‍ വീഴുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും അണികളുടെയും വോട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ ഇത്തരക്കാരുടെ വോട്ടുകള്‍ക്ക് ഭരണത്തെ നിര്‍ണയിക്കാനുള്ള കരുത്തുണ്ട് എന്നത് യാഥാര്‍ഥ്യവുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പിന്‍റെ ശംഖൊലി മുഴങ്ങിക്കഴിഞ്ഞയുടന്‍ മുതല്‍ രാഷ്‌ട്രീയപ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ കണ്ണുവയ്‌ക്കുന്ന മറ്റൊന്നാണ് സാമുദായിക വോട്ടുകള്‍.

ഒരു പ്രത്യേക മതവിഭാഗത്തിനോ, കൂട്ടായ്‌മകള്‍ക്കോ തെരഞ്ഞെടുപ്പിനെ അപ്പാടെ മാറ്റിമറിക്കാനുള്ള കഴിവുണ്ടോ എന്നതില്‍ പല അഭിപ്രായങ്ങളും നിലവിലുണ്ട്. ഭരണത്തിലേക്കുള്ള വഴി എളുപ്പമാക്കാന്‍ ഈ വിഭാഗങ്ങളുടെ രഹസ്യവും പരസ്യവുമായ പിന്തുണ സഹായകമാകും എന്ന വിശ്വാസമാണ് രാഷ്‌ട്രീയകക്ഷികളെ സാമുദായിക സംഘടനകളിലേക്ക് അടുപ്പിക്കുന്നത്. കര്‍ണാടകയിലെ മുന്‍കാല തെരഞ്ഞെടുപ്പുകള്‍ അടിവരയിടുന്നതും ഇതുതന്നെയാണ്.

സമുദായങ്ങള്‍ വിജയിക്കുന്ന വോട്ട്:മേയ്‌ മാസത്തില്‍ വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ കര്‍ണാടകയുടെ വിധി നിര്‍ണയിക്കുക സംസ്ഥാനത്തെ പ്രബല വിഭാഗങ്ങള്‍ തന്നെയാവുമെന്നാണ് രാഷ്‌ട്രീയ വിലയിരുത്തല്‍. അതായത് സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനത്തിലധികം പ്രാതിനിധ്യമുള്ള ലിംഗായത്തുകളും 15 ശതമാനം പ്രാതിനിധ്യമുള്ള വൊക്കലിഗകളും കന്നട മണ്ണിന്‍റെ വിധിയെഴുതും. ആകെയുള്ള 224 സീറ്റുകളില്‍ 70 ലധികം മണ്ഡലങ്ങളില്‍ ലിംഗായത്തുകള്‍ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. മാത്രമല്ല ഏതാണ്ട് 35 മണ്ഡലങ്ങളില്‍ വൊക്കലിഗകള്‍ക്കും മത്സരഫലത്തെ നിര്‍ണയിക്കാനാവും. ഇവരെ കൂടാതെ സംസ്ഥാനത്തൊട്ടാകെയുള്ള 24 ശതമാനം വരുന്ന പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 50 ലധികം മണ്ഡലങ്ങളില്‍ കരുത്തുകാട്ടാന്‍ കഴിയും.

'തലവര' മാറ്റുന്ന വോട്ട്:മാത്രമല്ല ഈ വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലത്തില്‍ കൈകടത്താനാവും എന്ന് വ്യക്തമാക്കുന്നതായിരുന്നു 2018 ലെ അസംബ്ലി തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് 17 ശതമാനം അംഗബലമുള്ള ലിംഗായത്ത് വിഭാഗത്തെ വ്യത്യസ്‌ത പാര്‍ട്ടികളില്‍ നിന്നായി പ്രതിനിധീകരിച്ച് സഭയിലെത്തിയത് 54 എംഎല്‍എമാരാണ്. ഭരണപക്ഷമായ ബിജെപിയില്‍ മാത്രം 37 അംഗങ്ങളെ പ്രതിനിധിയാക്കാനും അവര്‍ക്ക് സാധിച്ചു. ഇവയ്‌ക്കെല്ലാം പുറമെ 1952 മുതല്‍ ഇന്നുവരെ കര്‍ണാടക ഭരിച്ച 23 മുഖ്യമന്ത്രിമാരില്‍ 10 പേര്‍ ലിംഗായത്ത് പ്രതിനിധിയായിരുന്നു എന്നത് സൂചിപ്പിക്കുന്നതും ഭരണരംഗത്തെ ഇവരുടെ സ്വാധീനം തന്നെയാണ്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നായി ജനസംഖ്യയുടെ 15 ശതമാനമുള്ള വൊക്കലിഗകളെ പ്രതിനിധീകരിച്ചത് 34 എംഎല്‍എമാരാണ്. ഇവരില്‍ ഭൂരിഭാഗവും ജെഡി(എസ്‌) പക്ഷത്തായിരുന്നുവെങ്കിലും എട്ട് എംഎല്‍എമാര്‍ ഭരണപക്ഷമായ ബിജെപിയിലുമുണ്ടായിരുന്നു.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് 46 എംഎല്‍എമാരാണ് നിയമനിര്‍മാണ സഭയിലെത്തിയത്. സംസ്ഥാനത്ത് 18 ശതമാനം വരുന്ന ഇവരില്‍ കോണ്‍ഗ്രസില്‍ നിന്ന് 27 പേരും ബിജെപിയില്‍ നിന്ന് 12 പേരും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് 35 ശതമാനത്തോളം വരുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വിവിധ പാര്‍ട്ടികളില്‍ നിന്നായി ജയിച്ചുകയറിയത് 99 എംഎല്‍എമാരാണ്. ഇവരില്‍ 61 പേരും ബിജെപി പക്ഷത്തുമായിരുന്നു. കന്നട മണ്ണില്‍ 12.92 ശതമാനം അംഗസംഖ്യയുള്ള മുസ്‌ലിം വിഭാഗത്തിന്‍റെ സഹായത്തോടെ സഭയിലെത്തിയത് 27 എംഎല്‍എമാരാണ്. കോണ്‍ഗ്രസില്‍ നിന്ന് പത്തും ജെഡിഎസില്‍ നിന്ന് ഏഴും പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. എല്ലാത്തിലുമുപരി സംസ്ഥാനത്ത് കേവലം മൂന്ന് ശതമാനം മാത്രം ജനസംഖ്യയുള്ള ബ്രാഹ്മണ വിഭാഗത്തിന് മാത്രം ഭരണപക്ഷത്ത് അഞ്ച് എംഎല്‍എമാരുണ്ടായിരുന്നു.

ആര്‍ക്കൊക്കെ?, എത്രയെല്ലാം?: 2018ലെ മുന്‍ തെരഞ്ഞെടുപ്പിലേക്ക് കണ്ണോടിച്ചാല്‍ വ്യക്തമാകുന്ന മറ്റൊന്ന് കൂടിയുണ്ട്. പ്രബല വിഭാഗമായ ലിംഗായത്ത് ആധിപത്യമുള്ള 67 മണ്ഡലങ്ങളില്‍ 40 ഇടങ്ങളില്‍ ബിജെപിയും 20 ഇടങ്ങളില്‍ കോണ്‍ഗ്രസും ആറ് മണ്ഡലങ്ങളില്‍ ജെഡിഎസുമാണ് വിജയിച്ചുകയറിയത്. ഇതില്‍ തന്നെ ബിജെപി 42 ശതമാനവും കോണ്‍ഗ്രസ് 38 ശതമാനവും ജെഡിഎസ്‌ 11 ശതമാനവും വോട്ട് ഷെയറാണ് നേടിയത്. സമാനമായ രീതിയില്‍ വൊക്കലിഗ സ്വാധീന മണ്ഡലങ്ങളില്‍ 21 ഇടങ്ങളില്‍ ജെഡിഎസും, 14 ഇടങ്ങളില്‍ ബിജെപിയും, ഒമ്പതിടത്ത് കോണ്‍ഗ്രസുമാണ് വിജയിച്ചത്. ഇതില്‍ ജെഡിഎസ് 34.66 ശതമാനവും, കോണ്‍ഗ്രസ് 33 ശതമാനവും, ബിജെപി 26 ശതമാനവും വോട്ടുകള്‍ നേടി. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ 11 ഇടങ്ങളില്‍ കോണ്‍ഗ്രസും, ആറിടത്ത് ബിജെപിയും, ഒരു സീറ്റില്‍ ജെഡിഎസും വിജയം സ്വന്തമാക്കി. ഇതില്‍ കോണ്‍ഗ്രസ് 44 ശതമാനവും, ബിജെപി 40 ശതമാനവും, ജെഡിഎസ്‌ 10 ശതമാനവും വോട്ടുകളാണ് നേടിയത്.

ഒരു വോട്ടും ചെറുതല്ല:സംസ്ഥാനത്തെ നിര്‍ണായക ശക്തിയായ മറ്റൊരു വിഭാഗമാണ് കുറുബ സമുദായം. സംസ്ഥാനത്ത് 50 ലക്ഷത്തോളം ജനസംഖ്യയുള്ള കുറുബ വിഭാഗത്തിന് 50 ലധികം അസംബ്ലി മണ്ഡലങ്ങളില്‍ വ്യക്തമായ മേല്‍ക്കൈയുണ്ട്. ബിദാര്‍, കല്‍ബുര്‍ഗി, യദ്‌ഗിരി, കൊപ്പള, ദാവന്‍ഗെരെ എന്നീ മണ്ഡലങ്ങളില്‍ എട്ട് ശതമാനത്തിലധികമുള്ളതും കുറുബ വിഭാഗമാണ്. മാത്രമല്ല സംസ്ഥാനത്ത് കുറുബ സമുദായത്തിന്‍റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ.

മുന്നേ എറിഞ്ഞ് ബിജെപി:വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കണ്ണുംനട്ടാണ് ബിജെപി നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മുസ്‌ലിം ക്വാട്ട വെട്ടിച്ചുരുക്കുന്നത്. മാത്രമല്ല ഈ നാല് ശതമാനം സംവരണം ലിംഗായത്തുകൾക്കും വൊക്കലിഗകൾക്കും തുല്യമായി പുനർവിഭജിച്ചു നല്‍കി. ഇതോടെ ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് നൽകുന്ന 10 ശതമാനം സംവരണത്തിനായി മുസ്‌ലിങ്ങളെയും വരിനിര്‍ത്തിച്ചു. എന്നാല്‍ ഈ നിര്‍ണായക നീക്കത്തിലൂടെ രാഷ്‌ട്രീയ ചേരിതിരിവുകളുണ്ടായി എങ്കിലും പ്രധാന വിഭാഗങ്ങളായ ലിംഗായത്തുകളെയും വൊക്കലിഗകളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താമെന്ന ലക്ഷ്യമായിരുന്നു ബിജെപി മുന്നില്‍കണ്ടത്.

ചില തെരഞ്ഞെടുപ്പ് കശപിശകള്‍: അതേസമയം ബിജെപി സര്‍ക്കാരിന്‍റെ ഈ നീക്കത്തെ ലിംഗായത്ത് സമുദായം ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുകയായിരുന്നു. എന്നാല്‍ റിസര്‍വേഷന്‍ ബിജെപിയുടെ പാരമ്പര്യ വോട്ടുബാങ്കായ ലിംഗായത്ത് വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു എന്ന വിമര്‍ശനമായിരുന്നു വൊക്കലിഗ വിഭാഗത്തിനുണ്ടായിരുന്നത്. മുസ്‌ലിം വിഭാഗമാവട്ടെ തങ്ങള്‍ക്ക് നേരെയുള്ള ബിജെപിയുടെ വിവേചനമാണിതെന്നും കുറ്റപ്പെടുത്തി രംഗത്തെത്തി. എന്നാല്‍ മുസ്‌ലിം ക്വാട്ട വെട്ടിക്കുറച്ചതിന് പിന്നാലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആഭ്യന്തര സംവരണം 15 ശതമാനത്തില്‍ 17 ശതമാനമായി ഉയര്‍ത്തിയ തീരുമാനത്തില്‍ ബിജെപി കൈ പൊള്ളി. തീരുമാനത്തെ ലിംഗായത്ത് വിഭാഗവും ദലിത് വിഭാഗത്തിലെ ചിലരും അനുകൂലിച്ചുവെങ്കിലും, വൊക്കലിഗ, മുസ്‌ലിം, ബഞ്ചാര തുടങ്ങിയ വിഭാഗങ്ങള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ സംവരണത്തിലെ മാറ്റിത്തിരുത്തലുകള്‍ കര്‍ണാടക തെരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. സംവരണത്തില്‍ നേട്ടം ലഭിച്ചതിനാല്‍ ലിംഗായത്ത് വിഭാഗം തങ്ങളുടെ കാലാകാലങ്ങളായുള്ള പിന്തുണ തുടരുമെന്ന് പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ഈ പിന്തുണ എത്രമാത്രം വോട്ടായി മാറുമെന്നത് വ്യക്തമാവാന്‍ മെയ് 13 വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.

ABOUT THE AUTHOR

...view details