ഒഡീഷ: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിലേക്ക് മടക്കിയയച്ച കാട്ടുപന്നി വളര്‍ത്തമ്മയുടെ അടുത്തേക്ക് തിരിച്ചെത്തി. ഒഡീഷയിലെ കെണ്ടുജാറിൽ ആണ് സംഭവം. വീട്ടില്‍ വളര്‍ത്തിയിരുന്ന കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കാട്ടിലേക്ക് മടക്കിയയച്ചത്. എന്നാല്‍ സംഭവം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം പന്നിയെ സംഭവസ്ഥലത്തിന് 25 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ കാലിന് പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.
ദുഡ എന്ന് വീട്ടുകാര്‍ സ്നേഹത്തോടെ വിളിക്കുന്ന പന്നിയെ കുന്തല കുമാരി പെന്തെയുടെ കുടുംബമാണ് വളര്‍ത്തിയത്. വളരെ കുഞ്ഞായിരുന്ന സമയത്താണ് ഇവര്‍ക്ക് കാട്ടുപന്നിയെ കിട്ടിയത്. മറ്റ് വളർത്തുമൃഗങ്ങളോടൊപ്പം വളരെ സ്നേഹത്തോടെയാണ് ദുഡയെ കുടുംബം വളര്‍ത്തിയത്. എന്നാല്‍ ഒരാഴ്ച മുന്‍പ് തെൽക്കോയി വനപരിധിയിലുള്ള പുരുഷോത്തംപൂർ ഗ്രാമത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപന്നി സംരക്ഷിത മൃഗമാണെന്നും അവയെ വീട്ടില്‍ വളര്‍ത്താന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി മൃഗത്തെ കാട്ടിലേക്ക് തന്നെ മടക്കിയച്ചു.