കൊൽക്കത്ത: കൊൽക്കത്തയിൽ അഖിലേന്ത്യ ഹിന്ദുമഹാസഭ ദുർഗാപൂജയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമയിൽ അസുരനായ മഹിഷാസുരന് പകരം മഹാത്മാഗാന്ധിയോട് സാമ്യമുള്ള രൂപം സ്ഥാപിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഐപിസി സെക്ഷൻ 188, 283, 153ബി, 34 എന്നിവ പ്രകാരമാണ് അഖിലേന്ത്യ ഹിന്ദുമഹാസഭ ദുർഗാപൂജ പന്തൽ സംഘാടകർക്കെതിരെ കൊൽക്കത്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തിലാണ് കൊൽക്കത്തയിലെ കസ്‌ബയിൽ സ്ഥാപിച്ച ദുർഗ പ്രതിമയിലാണ് ഹിന്ദുമഹാസഭ മഹാത്മാഗാന്ധിയെ അസുരനായി ചിത്രീകരിച്ചത്.
ഗാന്ധി കണ്ണട പോലും അസുര രൂപം ധരിച്ചിരുന്നു. സംഭവം വിവാദമായതോടെ രൂപത്തിലെ സാമ്യം യാദൃശ്ചികമാണെന്ന വാദവുമായി ഹിന്ദുമഹാസഭ രംഗത്തെത്തി. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് സംഘാടകർ പ്രതിമയിലെ ഗാന്ധിയുടെ രൂപം മാറ്റി അസുരരൂപം സ്ഥാപിച്ചു. ദുർഗ ദേവി അസുരനെ കൊല്ലുന്നത് ആഘോഷിക്കുന്നതാണ് ദുർഗാപൂജ. ദുഷ്‌ടശക്തികളുടെ നാശത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്.