ഷിംല :ഹിമാചൽ പ്രദേശിൽ ജൂണ്‍ 24ന് കാലവർഷം ആരംഭിച്ചത് മുതൽ ഇതിനകം മഴക്കെടുതികളിൽ 80 പേർ മരിച്ചതായി ഹിമാചൽ പ്രദേശ് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ശനിയാഴ്‌ച മുതൽ ആരംഭിച്ച കനത്ത മഴയിൽ മാത്രം 31 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 1,300 ഓളം റോഡുകൾ തടസപ്പെടുകയും 40 പ്രധാന പാലങ്ങൾ തകരുകയും ചെയ്‌തു. ജൂണ്‍ 24 ന് കാലവർഷം ആരംഭിച്ചതിന് ശേഷമുള്ള സംസ്ഥാനത്തിന്‍റെ ആകെ നഷ്‌ടം 1,050 കോടി രൂപയാണെന്ന് സംസ്ഥാന എമർജൻസി റെസ്‌പോണ്‍സ് സെന്‍റർ വ്യക്‌തമാക്കി.
കേന്ദ്രത്തിൽ നിന്നുള്ള കണക്ക് പ്രകാരം 80 പേരാണ് ഇതിനകം മരിച്ചത്. 10 പേരെ ഇപ്പോഴും കാണാനില്ല. ഇതുവരെ റിപ്പോർട്ട് ചെയ്‌ത 80 മഴ മരണങ്ങളിൽ 24 എണ്ണം റോഡപകടങ്ങൾ മൂലമാണ്. 21 മരണം ഉരുൾപൊട്ടൽ മൂലവും, 12 എണ്ണം ഉയരത്തിൽ നിന്ന് വീണത് മൂലവും, ഏഴ് മുങ്ങി മരണവും, അഞ്ച് മരണം മിന്നൽ പ്രളയം കാരണവും, നാല് മരണം വൈദ്യുതാഘാതം മുലവും, രണ്ട് മരണം പാമ്പ് കടി മൂലവുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
1,299 റോഡുകൾ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തടസപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചിൽ മൂലം റോഡുകൾ തകർന്നതിനാലും, വെള്ളപ്പൊക്കം കാരണവും ചണ്ഡിഗഡ്- മണാലി- ഷിംല- കൽക്ക ദേശീയ പാതകൾ അടച്ചതിനാൽ ഷിംലയിലും മണാലിയിലും അവശ്യ വസ്‌തുക്കളുടെ വിതരണം തടസപ്പെട്ടു. സംസ്ഥാനത്താകെ 3,737 ജലവിതരണ പദ്ധതികളെ മഴ ബാധിച്ചു. 79 വീടുകൾ പൂർണമായും 333 വീടുകൾ ഭാഗികമായും തകർന്നു.
4000 കോടിയുടെ നഷ്‌ടം : ഹിമാചൽ റോഡ്‌വേസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ 1,284 റൂട്ടുകളിലെ ബസ് സർവീസ് താത്‌കാലികമായി നിർത്തി വച്ചതായി അധികൃതർ അറിയിച്ചു. കുളുവിലെ സൈഞ്ച് മേഖലയിൽ മാത്രം 40 കടകളും 30 വീടുകളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു അറിയിച്ചു. കാസോൾ, മണികരൻ, ഖീർ ഗംഗ, പുൾഗ മേഖലകളിൽ മുഖ്യമന്ത്രി വ്യോമ നിരീക്ഷണം നടത്തി.