ഹമീര്‍പൂര്‍:ബാഡ്‌മിന്‍റൺ കളിക്കിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നൈജീരിയയിൽ മരിച്ച ഹിമാചൽ സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു. ഹമീർപൂർ ബദ്‌സര്‍ സ്വദേശി രാജേന്ദ്രയാണ് ( 41) ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 10) മരിച്ചത്. നൈജീരിയയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തുവരികയായിരുന്നു ഇയാള്‍.
CCTV Visuals | ബാഡ്‌മിന്‍റണ്‍ കളിക്കിടെ ഹൃദയസ്‌തംഭനം; നൈജീരിയയില്‍ മരിച്ച ഹിമാചല്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു - ഹമീര്‍പൂര്‍
സെപ്‌റ്റംബര്‍ 10നാണ് ഹിമാചല്‍ സ്വദേശി രാജേന്ദ്ര, നൈജീരിയയില്‍ മരിച്ചത്. ഈ മാസം 17ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണാന്ത്യം.
അന്ത്യകർമങ്ങൾ ജന്മനാടായ പദയാനിൽ വ്യാഴാഴ്‌ച (സെപ്‌റ്റംബര്‍ 15) നടന്നു. ഇന്ന് (സെപ്‌റ്റംബര്‍ 17) നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് രാജേന്ദ്രയുടെ വിയോഗം. സുഹൃത്തുക്കളോടൊപ്പം ബാഡ്‌മിന്‍റൺ കളിക്കുന്നതിനിടെ പെട്ടെന്ന് നിലത്ത് ഇരിക്കുകയും നിമിഷങ്ങൾക്കകം ഇയാളുടെ ബോധം നഷ്‌ടപ്പെടുകയുമായിരുന്നു. വൈദ്യസഹായം നൽകാൻ സുഹൃത്തുക്കള്‍ ശ്രമിക്കുന്നതിനിടെ കളിസ്ഥലത്തുവച്ച് തന്നെ രാജേന്ദ്ര മരിച്ചു. ഹൃദയസ്‌തംഭനം സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്.
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിച്ച് 2021 നവംബറിലാണ് ഇയാള്‍ വീണ്ടും നൈജീരിയയിലേക്ക് മടങ്ങിയത്. അനന്തരവളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് നാട്ടിലേക്ക് തിരിക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നത്. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്ന രാജേന്ദ്രയുടെ നിത്യേനെയുള്ള ശീലമായിരുന്നു ബാഡ്‌മിന്‍റണ്‍ കളിയെന്ന് വീട്ടുകാർ പറയുന്നു. 11 ഉം അഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളുണ്ട് ഇയാള്‍ക്ക്.