ബെംഗളൂരു :സംസ്ഥാനത്തെസ്‌കൂളുകൾക്കും കോളജുകൾക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഹിജാബ് - കാവി ഷാള്‍ വിവാദം ശക്തമാവുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
'എല്ലാവരും സഹകരിക്കണം'
''വിദ്യാർഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്‌മെന്‍റകള്‍ തുടങ്ങി എല്ലാവിധ ജനങ്ങളോടും സമാധാനം നിലനിർത്താൻ ഞാൻ അഭ്യർഥിക്കുന്നു. എല്ലാ ഹൈസ്‌കൂളുകളും കോളജുകളും അടുത്ത മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടു. ബന്ധപ്പെട്ടവരെല്ലാം സഹകരിക്കണം'' - ബൊമ്മൈ ട്വീറ്റിൽ കുറിച്ചു.
ഉഡുപ്പി, ശിവമോഗ, ബാഗൽകോട്ട് എന്നിങ്ങനെയുള്ള നിരവധി ഇടങ്ങളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘർഷാവസ്ഥയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്‍റെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്‌തുകൊണ്ട് അഞ്ച് പെൺകുട്ടികൾ ഹർജി സമര്‍പ്പിച്ചിരുന്നു. കർണാടക ഹൈക്കോടതി ഇത് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നീക്കം.
ALSO READ:കർണാടകയില്‍ ഹിജാബ് ധരിച്ച വിദ്യാർഥിനിക്ക് നേരെ ആക്രോശിച്ച് കാവി ഷാള്‍ ധാരികള്‍
മാണ്ഡ്യ പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ ഹിജാബ് ധരിച്ച പെൺകുട്ടിക്ക് നേരെ കാവി ഷാൾ ധരിച്ച ഒരു കൂട്ടം വലതുപക്ഷ ഹിന്ദു വിദ്യാർഥികള്‍ ചൊവ്വാഴ്‌ച ആക്രോശം നടത്തുകയുണ്ടായി. കറുത്ത പർദയും ഹിജാബും ധരിച്ച് കോളജിലെത്തിയ പെൺകുട്ടിക്ക് നേരെയാണ് കാവി ഷാൾ ധരിച്ച വിദ്യാർഥികൾ ആക്രോശവുമായി എത്തിയത്.
'ജയ് ശ്രീരാമിന് പകരം അല്ലാഹു അക്‌ബർ'
പെൺകുട്ടി വാഹനം പാർക്ക് ചെയ്‌ത് കോളജ് കെട്ടിടത്തിനടുത്തേക്ക് നടക്കുമ്പോൾ ഒരു സംഘം വിദ്യാർഥികൾ 'ജയ് ശ്രീറാം' മുദ്രാവാക്യമുയർത്തി പെൺകുട്ടിക്ക് അടുത്തേക്ക് എത്തി. മറുപടിയെന്നോണം പെൺകുട്ടി 'അല്ലാഹു അക്‌ബർ' മുഴക്കി. തുടർന്ന് കോളജ് അധികൃതർ ഇടപെട്ട് പ്രതിഷേധക്കാരെ തടഞ്ഞുനിർത്തുകയായിരുന്നു. കോളജ് അധികൃതരുടെ ഇടപെടലിനെ തുടർന്ന് പെൺകുട്ടി കെട്ടിടത്തില്‍ പ്രവേശിച്ചു.
ഉഡുപ്പിയിലെ കോളജിൽ കഴിഞ്ഞ മാസം ആരംഭിച്ച ഹിജാബ്- കാവി ഷാള്‍ വിവാദം മറ്റ് കോളജുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഹിജാബ് ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ഉഡുപ്പി കോളജിലെ അഞ്ച് മുസ്‌ലിം പെൺകുട്ടികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി പറയാനിരിക്കെയാണ് മാണ്ഡ്യ കോളജിലെ സംഭവവികാസങ്ങൾ.