കേരളം

kerala

ETV Bharat / bharat

'ഖസ്വ ഇ ഹിന്ദ്' 'ഖിയാമത്ത്' വരെ നടപ്പിലാവില്ല: ഹിജാബ് വിവാദത്തില്‍ പരാമര്‍ശവുമായി യോഗി ആദിത്യനാഥ് - ഹിജാബ് വിവാദം

"ഒരാള്‍ വസ്‌ത്രം ധരിക്കുന്നത് അവരുടെ വ്യക്തിപരമായ താല്‍പര്യമാണ് . എന്നാല്‍ വ്യക്തിപരമായ വിശ്വാസം രാജ്യത്തിലോ സ്ഥാപനങ്ങളിലോ അടിച്ചേൽപ്പിക്കാൻ കഴിയില്ല"

'ഗസ്‌വ-ഇ-ഹിന്ദ് എന്ന സ്വപ്‌നം ഒരിക്കലും പൂവണിയില്ല, സ്‌കൂളുകളില്‍ ഡ്രസ് കോഡ് വേണം'; ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് യോഗി
'ഗസ്‌വ-ഇ-ഹിന്ദ് എന്ന സ്വപ്‌നം ഒരിക്കലും പൂവണിയില്ല, സ്‌കൂളുകളില്‍ ഡ്രസ് കോഡ് വേണം'; ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് യോഗി

By

Published : Feb 14, 2022, 10:13 AM IST

ലക്‌നൗ: അന്താരാഷ്‌ട്ര തലത്തില്‍ വരെ ചര്‍ച്ചയായ കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യം പ്രവര്‍ത്തിക്കുന്നത് ശരിഅത്ത് നിയമമനുസരിച്ചല്ല, ഇന്ത്യൻ ഭരണഘടനയനുസരിച്ചാണെന്ന് എ.എൻ.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. ഖസ്വ ഇ ഹിന്ദ് (ഇന്ത്യ പിടിച്ചെടുക്കല്‍) നടപ്പിലാക്കാനാണ് ഇവരുടെ ശ്രമം. അത് ഖിയാമത്ത് (ലോകാവസാനം) വരെ നടപ്പിലാവാൻ പോകുന്നില്ല.

'ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ഭരണഘടന'

'ഇത് പുതിയ ഇന്ത്യയാണ്, ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയാണെന്ന് എനിക്ക് വ്യക്തമായി പറയാൻ കഴിയും. ഈ പുതിയ ഇന്ത്യയിൽ എല്ലാവർക്കും വേണ്ടിയുള്ളതാണ് വികസനം, എന്നാല്‍ ആരേയും പ്രീതിപ്പെടുത്തില്ല,' യോഗി പറഞ്ഞു. 'സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ്' എന്ന മുദ്രാവാക്യവുമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും യോഗി വ്യക്തമാക്കി.

'വ്യക്തിപരമായ വിശ്വാസം അടിച്ചേല്‍പ്പിക്കാനാകില്ല'

യുപിയിലെ പൊതുജനങ്ങളോടോ തൊഴിലാളികളോടോ കാവി വസ്‌ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരാള്‍ വസ്‌ത്രം ധരിക്കുന്നത് അവരുടെ വ്യക്തിപരമായ താല്‍പര്യമാണെന്നും യോഗി പറഞ്ഞു. എന്നാല്‍ വ്യക്തിപരമായ വിശ്വാസം രാജ്യത്തിലോ സ്ഥാപനങ്ങളിലോ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകളിൽ ശരിയായ ഡ്രസ് കോഡ് പാലിക്കണമെന്ന് യുപി മുഖ്യമന്ത്രി പറഞ്ഞു.

'സ്‌കൂളുകളില്‍ ഡ്രസ് കോഡ് പിന്തുടരണം'

'യുപിയിലെ ജനങ്ങളോടും തൊഴിലാളികളോടും കാവി വസ്‌ത്രം ധരിക്കാൻ ഞാൻ ആവശ്യപ്പെടുന്നുണ്ടോ? അവർ എന്ത് ധരിക്കണം എന്നത് അവരുടെ ഇഷ്‌ടമാണ്. എന്നാൽ സ്‌കൂളുകളിൽ ഡ്രസ് കോഡ് ഉണ്ടായിരിക്കണം. ഇത് സ്‌കൂളുകളുടെയും സ്‌കൂളുകളിലെ അച്ചടക്കത്തിന്‍റേയും ഭാഗമാണ്,' യോഗി പറഞ്ഞു.

ഹിജാബ് മൗലികാവകാശമാണെന്നും ഒരു ദിവസം ഹിജാബ് ധരിച്ച പെൺകുട്ടി പ്രധാനമന്ത്രിയാകുമെന്നുമുള്ള എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീന്‍ ഉവൈസിയുടെ പ്രസ്‌താവനക്ക് യോഗി മറുപടി നല്‍കി. 'എല്ലാ പെൺകുട്ടികളുടെയും സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയാണ് പ്രധാനമന്ത്രി മുത്തലാഖിന്‍റെ ദുരുപയോഗം അവസാനിപ്പിച്ചത്. പെൺകുട്ടികളുടെ ശാക്തീകരണത്തിനും അവർക്ക് നീതിയും ബഹുമാനവും ഉറപ്പാക്കാനുമാണ് ഈ തീരുമാനങ്ങൾ കൈക്കൊള്ളുന്നത്,' യുപി മുഖ്യമന്ത്രി പറഞ്ഞു.

ഖസ്വ ഇ ഹിന്ദ്

മുസ്‌ലിങ്ങള്‍ ഇന്ത്യ പിടിച്ചെടുക്കുമെന്ന് പ്രചരിപ്പിക്കപ്പെടുന്ന ആശയമാണിത്. ഹദീസ് (പ്രവാചക വചനം) ഉദ്ധരിച്ചാണ് ഇത് ആരോപിക്കുന്നത്. എന്നാല്‍ മുസ്‌ലിങ്ങളെ പ്രതികൂട്ടിലാക്കാൻ വ്യാജമായി സൃഷ്ടിപ്പെട്ട ഹദീസാണിതെന്ന് ഇസ്‌ലാമിക പണ്ഡിതര്‍ ഒന്നടങ്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് മുമ്പ് പാകിസ്ഥാൻ ക്രിക്കറ്റര്‍ ഷുഹൈബ് അക്തറാണ് ഈ പ്രസ്താവന നടത്തിയത്. ആ സമയത്ത് തന്നെ ജംയത്തുല്‍ ഉലമ ഇ ഹിന്ദ് ഇക്കാര്യത്തില്‍ വിശദീകരണവുമായി വരികയും പ്രവാചകന്‍റെ പേരില്‍ പ്രചരിക്കുന്ന ഖസ്വ ഇ ഹിന്ദ് വ്യാജമാണെന്ന് തെളിവുകള്‍ സഹിതം വിശദമാക്കുകയും ചെയ്തിട്ടുണ്ട്.

Also read: മോദീഭരണത്തില്‍ 5,35,000 കോടിയുടെ ബാങ്ക് തട്ടിപ്പെന്ന് രാഹുല്‍ ; വെട്ടിപ്പുകാര്‍ 'ഷെഹന്‍ഷയുടെ രത്നങ്ങളെ'ന്ന് കോണ്‍ഗ്രസ്

ABOUT THE AUTHOR

...view details